റിയാദ്: പഴയകാല ഗൃഹാതുര ഓര്‍മകളില്‍ ലയിച്ച പെരുന്നാള്‍ രാവും കോഴിക്കോട്ടുകാരുടെ അഹങ്കാരമായ മിഠായിത്തെരുവും പുനരാവിഷ്‌കരിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടന്‍സ്. പെരുന്നാള്‍ ഒരുക്കങ്ങളും മിഠായിത്തെരുവിലെ തിക്കുംതിരക്കും ഒട്ടും തനിമ ചോരാതെ പുനര്‍സൃഷ്ടിക്കപ്പെട്ടു.
മാസപ്പിറവി കണ്ടതായുള്ള റേഡിയോ അറിയിപ്പും തക്ബീര്‍ ചൊല്ലലും പെരുന്നാള്‍ വസ്ത്രത്തിനായി തയ്യല്‍ക്കടയിലേക്കുള്ള ഓട്ടവും പെരുന്നാള്‍ ദിനത്തിലേക്കുള്ള ഇറച്ചിയും മറ്റു സാധനങ്ങളും ഒരുക്കലും മൈലാഞ്ചിയിടലും എല്ലാം കൂടി സന്ദര്‍ശകര്‍ക്ക് നാട്ടിലെത്തിയ പ്രതീതി സൃഷ്ടിച്ചു. വര്‍ഷങ്ങളായി മിഠായിത്തെരുവിലുള്ള പഴയകാല കടകളുടെ പേരുകള്‍ തന്നെയാണ് പെരുന്നാള്‍ രാവിലെ കടകള്‍ക്കും കൊടുത്തത്.
ഹലുവ, ചെരുപ്പ്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ പ്രത്യേകം കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. കൂടാതെ തയ്യല്‍ കട, തെരുവ് കച്ചവടം, തൈലവില്പനക്കാര്‍, ഐസ് കച്ചവടം, വിവിധ യൂണിയനുകളില്‍പ്പെട്ട വസ്ത്രങ്ങളണിഞ്ഞ ചുമട്ടുതൊഴിലാളികള്‍, തെരുവ് ഗായകര്‍, ഉന്തുവണ്ടി കച്ചവടക്കാര്‍, ഉപ്പിലിട്ടതും ചായയും കോഴിക്കോടന്‍ പലഹാരങ്ങളും ലഭിക്കുന്ന തട്ടുകടകള്‍, സിനിമാ ടാക്കീസ് എന്നിവയും ഒരുക്കിയിരുന്നു. മാര്‍ക്കറ്റുകളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന തര്‍ക്കങ്ങളും ക്രമസമാധാനത്തിന് പോലീസും കൂടിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മിഠായിത്തെരുവ് ആവിഷ്‌കരിക്കപ്പെട്ടു. പെരുന്നാള്‍ രാവില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും കുട്ടികള്‍ വര്‍ണാഭമാക്കി. അകമ്പടിയായി ഒപ്പനയും ഡാന്‍സും ഗാനമേളയും അരങ്ങേറി.
പുനരാവിഷ്‌കരിക്കപ്പെട്ട 'മിഠായിത്തെരുവ്' കോഴിക്കോടന്‍സ് മുതിര്‍ന്ന മെമ്പറും ലുഹ ഗ്രൂപ്പ് ചെയര്‍മാനുമായ ബഷീര്‍ പാരഗണ്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു അധ്യക്ഷനായിരുന്നു. ചടങ്ങില്‍ വി.കെ.കെ. അബ്ബാസ്, മൈമൂന ടീച്ചര്‍, ഫൗണ്ടര്‍ മെമ്പര്‍ മുനീബ് പാഴൂര്‍, മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ധീന്‍, റാഫി കൊയിലാണ്ടി, കബീര്‍ നല്ലളം എന്നിവരും ലീഡുമാരായ അനില്‍ മാവൂര്‍, നിഹാദ് അന്‍വര്‍, ഷാഹിന്‍, അബ്ദുല്‍ റഷീദ് പൂനൂര്‍, അന്‍സാര്‍ കൊടുവള്ളി, മുഹമ്മദ് ആഷിഫ്, നിസാം ചെറുവാടി, സി.ടി. സഫറുള്ള എന്നിവരും സന്നിഹിതരായിരുന്നു.
ഫൈസല്‍ പാഴൂര്‍, മുസ്തഫ നെല്ലിക്കപ്പറമ്പ്, സാദിഖ് കക്കാട്, ദില്‍ഷാദ് ചെറുവാടി, മുംതാസ് ഷാജു, സജീറ ഹര്‍ഷദ്, സുമിത മുഹ്യുദ്ധീന്‍, ഷാലിമ റാഫി, ഫിജിന കബീര്‍, ഷെറിന്‍ റംഷി, നൈന ഷമീജ്, ആമിന ഷാഹിന്‍, നിതാശ നിഹാദ്, ശരീഫ ഫൈസല്‍, രജനി അനില്‍, ഹാഷിറ അന്‍സാര്‍, സല്‍മ ഫാസില്‍, ഫൗസിയ റഷീദ്, ലുലു സുഹാസ്, ഹസ്ന ഷമീം, മാഷിദ മുനീബ്, ഹര്‍ഷീന നൗഫല്‍, ഫസ്ന വാവാട് എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ:
കോഴിക്കോടന്‍സ് 'പെരുന്നാള്‍രാവില്‍' പുനരാവിഷ്‌കരിച്ച 'മിഠായിത്തെരുവ്' ലുഹ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ പാരഗണ്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നു.
Related News