2022 ഖത്തര്‍ലോകകപ്പില്‍ ലൂയിസ് എന്റിക്വെ തന്ത്രം മെനഞ്ഞ സ്പാനിഷ് സംഘത്തിന്റെ പതനം അതിദാരുണമായിരുന്നു. തപ്പിതടഞ്ഞ് പ്രീക്വാര്‍ട്ടര്‍ വരെ എത്തിയെങ്കിലും ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയോട് തോറ്റ് പുറത്തു പോകാനായിരുന്നു ഒരുകാലത്ത് ലോക ഫുട്‌ബോളിനെ അടക്കിഭരിച്ചിരുന്ന സ്‌പെയിനിന്റെ വിധി. സ്‌പെയിനില്‍ ലൂയിസ് എന്റിക്വെക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അദ്ദേഹത്തിന് രാജിവെക്കുകയല്ലാതെ മറ്റൊരു നിര്‍വാഹമില്ലായിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ആസ്ഥാനത്ത് പുതിയ പരിശീലകന്‍ ആരാകണമെന്ന ചൂട് പിടിച്ച ചര്‍ച്ചകള്‍ നടന്നു. പെപ്പ് ഗാര്‍ഡിയോള, മൈക്കല്‍ അര്‍ട്ടേറ്റ, ഉനൈ എംറി തുടങ്ങിയ വലിയ പേരുകളാണ് ആ ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ സ്പാനിഷ് യൂത്ത് ടീമുകളെയും അത്ലറ്റിക്കോ ബില്‍ബാവോ, സെവില്ല തുടങ്ങിയ ക്ലബ്ബുകളുടെ യുവനിരയെയും പരിശീലിപ്പിച്ച് മാത്രം പരിചയമുള്ള ലൂയിസ് ഡി ലാ ഫ്യൂന്റെ എന്ന 64കാരനിലേക്കാണ് സ്പാനിഷ് ഫുട്‌ബോള്‍ അധികാരികളുടെ തീരുമാനം ചെന്നെത്തിയത്. ലാ ഫ്യൂന്റെയെ പരിശീലകനായി പ്രഖ്യാപിച്ചതിന് പിന്നാലെ സ്പാനിഷ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധങ്ങളും ഉയര്‍ന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ മേല്‍വിലാസമില്ലാത്ത ഈ ' മുത്തശ്ശന് ' സ്പാനിഷ് ഫുട്‌ബോളിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നായിരുന്നു പുതുതലമുറയിലെ ആരാധകരുടെ ചോദ്യം.
സ്‌പെയിന്‍ ലോകഫുബോളിനെ അടക്കിഭരിച്ചത് ടിക്കി-ടാക്ക ശൈലിയില്‍ തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2008, 2012 യൂറോകപ്പും 2010 ലോകകപ്പും അവര്‍ നേടിയത് ആ ശൈലിയില്‍ കളിച്ച് തന്നെയാണ്. എന്നാല്‍ ആ ശൈലി എല്ലാകാലത്തേക്കും യോജിച്ചതല്ലെന്ന് അധികം വൈകാതെ ലാ റോജകള്‍ തിരിച്ചറിഞ്ഞു. പക്ഷേ സ്പാനിഷ് ഫുട്‌ബോളിന്റെ പരമ്പരാഗത ശൈലിയായ ടിക്കി-ടാക്കയെ തൊടാന്‍ ആരും ധൈര്യം കാണിച്ചില്ല. എന്നാല്‍ റെഡ് വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ സ്‌പെയിനിലെ ഹാരോ പട്ടണത്തില്‍ നിന്ന് വരുന്ന ലാ ഫ്യൂന്റെ ആദ്യം ചെയ്തത് ആ ശൈലിയെ തച്ചുടക്കുകയായിരുന്നു. മാറുന്ന ലോക ഫുട്‌ബോളിന്റെ പുതിയ തന്ത്രങ്ങളിലേക്ക് അയാള്‍ സ്പാനിഷ് സംഘത്തെ പതിയെ മാറ്റിത്തുടങ്ങി. തുടക്കത്തില്‍ തിരിച്ചടികളും ഒപ്പം വിവാദങ്ങളും ഉണ്ടായി. എന്നാല്‍ ലാ ഫ്യൂന്റെ അത് കാര്യമാക്കിയില്ല. അയാളുടെ ലക്ഷ്യവും സ്വപ്നവും ദീര്‍ഘമായിരുന്നു. അതിലൊന്നായിരുന്നു 2024 യൂറോ കപ്പ്. ജര്‍മ്മനിയില്‍ നടന്ന ആ ടൂര്‍ണമെന്റില്‍ ലാ ഫ്യൂന്റെയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വീണുപോയത് ചില്ലറക്കാരായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ,ഇറ്റലി എന്നീ കരുത്തര്‍ വീണപ്പോള്‍, ക്വാര്‍ട്ടറിലും സെമിയിലും ജര്‍മ്മനിയും ഫ്രാന്‍സുമാണ് തകര്‍ന്നത്. ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും കീഴ്‌പെടുത്തി യൂറോകപ്പ് കിരീടം ഉയര്‍ത്തിക്കൊണ്ടാണ് ലാ ഫ്യൂന്റെ വിമര്‍ശകരുടെ വായടപ്പിച്ചത്. അതൊരു കിരീടനേട്ടം മാത്രമായിരുന്നില്ല. തകര്‍ന്നുപോയൊരു ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ പുനര്‍ജന്മം കൂടിയായിരുന്നു.
ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ശൈലി മറ്റുള്ളവരെ പോലെയല്ല. താരങ്ങളുടെ വ്യക്തിഗത മികവ് അദ്ദേഹം എതിര്‍ത്തില്ലെങ്കിലും, ഒരു താരത്തിന്റെ തിളക്കം ടീമിന്റെ ലക്ഷ്യത്തെ മറികടക്കാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ഓരോ കളിക്കാരനും തന്റെ പങ്ക് കൃത്യമായി നിര്‍വഹിക്കുമ്പോഴാണ് ഒരു ടീം അജയമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. 2026 ലോകകപ്പിലേക്ക് എത്തുമ്പോഴും ലാ ഫ്യൂന്റെ തന്റെ ശൈലിയില്‍ മാറ്റം വരുത്തിയില്ല. കളിക്കളത്തില്‍ താരങ്ങളുടെ ഒത്തൊരുമയിലും അത് പ്രകടമായിരുന്നു. പ്രതിരോധനിരയും മധ്യനിരയും മുന്നേറ്റനിരയുമൊക്കെ എണ്ണയിട്ട യന്ത്രം പോലെ ഒരുപോലെ പ്രവര്‍ത്തിക്കുന്നത് മനോഹരമായ കാഴ്ചയായിരുന്നു. 2026 ലോകകപ്പില്‍ കളിച്ച 8 മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് സ്‌പെയിന്‍ വഴങ്ങിയത്. ഏതെങ്കിലും ഒരു താരത്തെ കേന്ദ്രീകരിച്ച് കളിക്കുന്ന ശൈലി ലാ ഫ്യൂന്റെ ഒരിക്കലും അവലംബിച്ചിരുന്നില്ല. മറിച്ച് എല്ലാ കളിക്കാര്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഉറുഗ്വേ, സൗദി അറേബ്യ എന്നിവരെ പരാജയപ്പെടുത്തിയ ലാ ഫ്യൂന്റെയുടെ സംഘം കേപ് വെര്‍ഡെയുമായി ഗോള്‍രഹിത സമനിലയില്‍ അകപ്പെട്ടു. റൗണ്ട് ഓഫ് 32 ല്‍ ഓസ്ട്രിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് സംഘം തകര്‍ത്തത്. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെയും സെമിഫൈനലില്‍ ഫ്രാന്‍സിനെയും പരാജയപ്പെടുത്തിയായിരുന്നു അവര്‍ വിശ്വപോരാട്ടത്തിന്റെ ഫൈനലില്‍ എത്തിയത്. മത്സരം വായിക്കാനുള്ള ലാ ഫ്യൂന്റെയുടെ കഴിവും സമയോചിതമായ സബ്സ്റ്റിറ്റിയൂഷനുകളുമാണ് വിശ്വകിരീടം ഒരിക്കല്‍ കൂടി സ്‌പെയിനില്‍ എത്തുന്നതില്‍ നിര്‍ണായകമായത്.
ഫൈനലില്‍ അര്‍ജന്റീനക്കെതിരെ കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും സ്പാനിഷ് ഏകാധിപത്യമാണ് മത്സരത്തിലുടനീളം കണ്ടത്. കളിക്കളത്തില്‍ സ്‌പെയിന്‍ ആധിപത്യം നേടിയെങ്കിലും ഗോളുകള്‍ അകന്നത് ലാ ഫ്യൂന്റെയെ അസ്വസ്ഥനാക്കി. അതോടെ അദ്ദേഹം ചില സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തി. 62 ആം മിനിറ്റില്‍ ഒയാര്‍ സബാലിന് പകരം ഫെറാന്‍ ടോറസും ഫാബിയന്‍ റൂയിസിന് പകരം പെഡ്രിയുമെത്തി. 75 ആം മിനിറ്റില്‍ അലക്‌സ് ബയേനയേയും ഡാനി ഓള്‍മോയേയും പിന്‍വലിച്ച് നിക്കോ വില്യംസും മൈക്കല്‍ മെറീനോയുമെത്തി. എക്‌സ്ട്രാ ടൈമില്‍ നായകന്‍ റോഡ്രിക്ക് പകരം സുബിമെന്‍ഡിയും ഐമറിക് ലപോര്‍ട്ടക്ക് പകരം എറിക് ഗാര്‍സിയയും എത്തിയത് സ്പാനിഷ് സംഘത്തിന് കരുത്ത് പകര്‍ന്നു. അതില്‍ ഏറ്റവും നിര്‍ണായകമായത് ഫെറാന്‍ ടോറസിന്റെയും നിക്കോ വില്യംസിന്റെയും വരവാണ്. 106 ആം മിനിറ്റില്‍ നിക്കോ വില്യംസ് നല്‍കിയ ഹെഡ്ഡര്‍ പാസില്‍ നിന്നാണ് സ്പാനിഷ് സംഘത്തിന് വിശ്വകിരീടം ചൂടാന്‍ പാകത്തില്‍ ടോറസിന്റെ നിര്‍ണായക ഗോള്‍ പിറന്നത്.
എക്‌സ്ട്രാ ടൈമില്‍ റോഡ്രിക്ക് പകരം സുബിമെന്‍ഡിയെ ഇറക്കിയത് മധ്യനിരയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ സ്‌പെയിനിന് കഴിഞ്ഞു. ഒരു ഫുട്‌ബോള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നത് 11 മികച്ച കളിക്കാരെ തിരഞ്ഞെടുക്കല്‍ മാത്രമല്ല. ഓരോ മത്സരത്തിന്റെയും താളം തിരിച്ചറിയുകയും, ആവശ്യമായ സമയത്ത് ശരിയായ തീരുമാനമെടുക്കുകയും ചെയ്യുന്നതാണ് ഒരു പരിശീലകന്റെ മികവ്. ആ അര്‍ത്ഥത്തില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ ഒരു പരിശീലകന്‍ മാത്രമല്ല, കളിയെ നെയ്‌തെടുക്കുന്ന ഒരു ശില്പി കൂടിയാണ്. എപ്പോള്‍ ആക്രമിക്കണം എപ്പോള്‍ ക്ഷമ പാലിക്കണം എപ്പോള്‍ മാറ്റങ്ങള്‍ വരുത്തണം എന്നതില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ പല മത്സരങ്ങളുടെയും ഗതി തന്നെ മാറ്റി. ടീമിന്റെ ലക്ഷ്യത്തെ താരത്തിന്റെ പ്രശസ്തിക്ക് മുകളിലായി അദ്ദേഹം സ്ഥാപിച്ചു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ചില കിരീടങ്ങള്‍ അലമാരയില്‍ മാത്രം സ്ഥാനം പിടിക്കും. മറ്റു ചിലത് ഒരു രാജ്യത്തിന്റെ ഫുട്‌ബോള്‍ ചിന്തയെ തന്നെ മാറ്റിമറിക്കും. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കാലഘട്ടം അത്തരത്തിലൊന്നാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് ഒരു ലോകകപ്പ് ട്രോഫി മാത്രമല്ല. അച്ചടക്കവും വിശ്വാസവും കൂട്ടായ്മയും ചേര്‍ന്നാല്‍ എത്ര ഉയരത്തിലും എത്താനാകും എന്ന് തെളിയിക്കുന്ന ഫുട്‌ബോള്‍ തത്വചിന്ത കൂടിയാണ്. അതുകൊണ്ട് തന്നെ സ്‌പെയിന്‍ നേടിയ ലോകകിരീടത്തേക്കാള്‍ ഓര്‍മിക്കപ്പെടുക ആ കിരീടനേട്ടത്തിന് പിന്നിലെ ലൂയിസ് ഡി ലാ ഫ്യൂന്റെ എന്ന സൂത്രധാരനെയായിരിക്കും. ജൂലൈ മാസം സ്‌പെയിനില്‍ ആഘോഷങ്ങളുടെ കാലമാണ്. ആ സൂത്രധാരനും അദ്ദേഹത്തിന്റെ ശിഷ്യരും ആ ആഘോഷങ്ങളില്‍ ലയിക്കട്ടെ.
----------------
മുനീര്‍ വാളക്കുട
Related News