l o a d i n g

കായികം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതൊരു പേരല്ല, ഒരു കാലഘട്ടമാണ്

മുനീര്‍ വാളക്കുട

Thumbnail

അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ നീലവിശാലതയില്‍ പോര്‍ച്ചുഗീസ് പതാക പാറികളിക്കുന്ന ഒരു ചെറുദ്വീപുണ്ട്; മഡെയ്‌റ. ഭൂമിശാസ്ത്രപരമായി ആഫ്രിക്കയോട്, പ്രത്യേകിച്ച് മൊറോക്കോയോട് കൂടുതല്‍ അടുത്തു കിടക്കുന്ന ഈ പ്രദേശം പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പോര്‍ച്ചുഗലിന്റെ ഭാഗമാണ്. പ്രകൃതിസൗന്ദര്യത്തിന്റെയും പര്‍വതനിരകളുടെയും പൂന്തോട്ടങ്ങളുടെയും പേരില്‍ ഈ ദ്വീപ് ഏറെ പ്രശസ്തമാണ്. വിനോദസഞ്ചാരമാണ് ഈ ദ്വീപിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. എന്നാല്‍ ഈ ദ്വീപിനെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത് ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ഇതിഹാസങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മദേശം എന്ന നിലയിലാണ്.

റൊണാള്‍ഡോ എന്ന മനുഷ്യനെ ഫുട്‌ബോളിനപ്പുറം അതിജീവനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായും ലോകം കാണുന്നുണ്ട്. 1985 ഫെബ്രുവരിയില്‍ മഡെയ്‌റ ദ്വീപസമൂഹങ്ങളുടെ ആസ്ഥാനമായ ഫഞ്ചാലില്‍ മുനിസിപ്പല്‍ ഗാര്‍ഡനറായ ജോസ് ഡിനിസ് അവീറോയുടെയും ശുചീകരണത്തൊഴിലാളിയും പാചകക്കാരിയുമായ മരിയ ഡോളോറസിന്റെയും ഇളയ സന്തതിയായി ജനിച്ചുവീഴുന്നതിനു മുന്നേ അയാള്‍ അതിജീവനം പഠിച്ചിരുന്നു. ദാരിദ്ര്യവും ഭര്‍ത്താവിന്റെ അമിതമദ്യപാനശീലവും കാരണം നാലാമത്തെ പുത്രനെക്കൂടി പോറ്റാനുള്ള സാമ്പത്തികഭദ്രത മരിയ ഡോളോറസിന് ഉണ്ടായിരുന്നില്ല. മൂത്ത പുത്രനെയും ഇളയ രണ്ടു പെണ്‍മക്കളെയും പോറ്റാന്‍ തന്നെ അവര്‍ നന്നായി കഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഗര്‍ഭം അലസിപ്പിച്ച് ഇളയ പുത്രന്റെ ജനനം വിലക്കാനായിരുന്നു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ നില്‍ക്കുന്ന ആ അമ്മമനസ്സിന്റെ തീരുമാനം. പക്ഷേ, ഡോക്ടറുടെ കടുത്ത ശകാരം മരിയ ഡോളോറസിനെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

വൈകാതെ ഫഞ്ചാലിലെ ദാരിദ്ര്യം നിറഞ്ഞ ആ ഒറ്റമുറി വീട്ടിലേക്ക് അവന്‍ പിറന്നുവീണു. ക്രിസ്റ്റ്യാനോ എന്നായിരുന്നു അമ്മയും സഹോദരങ്ങളും ഇളയ കുഞ്ഞിന് കണ്ടെത്തിയ പേര്. പിതാവായ ജോസ് ഡിനിസ് അവീറോ ആ കാലത്തെ അമേരിക്കന്‍ പ്രസിഡന്റും നടനുമായിരുന്ന റൊണാള്‍ഡ് റീഗന്റെ വലിയ ആരാധകനായിരുന്നു. റീഗനോടുള്ള ആരാധന മൂത്ത് അദ്ദേഹം തന്റെ മകനിലേക്കും ആ പേര് ചേര്‍ത്തുനല്‍കി.

കാലം കടന്നുപോകവേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫുട്‌ബോളില്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഫഞ്ചാലിലെ പ്രാദേശിക ക്ലബ്ബുകളില്‍ ഒന്നായിരുന്നു അന്‍ഡോറിന്‍ഹ എഫ്.സി. ആ ക്ലബ്ബിലെ ഒരു തൊഴിലാളി കൂടിയായിരുന്നു പിതാവായ ജോസ് ഡിനിസ് അവീറോ. പഠനത്തെക്കാള്‍ മുഴുവന്‍ സമയവും ഫുട്‌ബോള്‍ എന്ന ചിന്തയുമായി നടക്കുന്ന തന്റെ മകനെ ആ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിതാവിന് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല. മൂന്നു വര്‍ഷം അന്‍ഡോറിന്‍ഹ എഫ്.സിയുടെ യൂത്ത് ടീമില്‍ കളിച്ച റൊണാള്‍ഡോ, 1995-ല്‍ ഫഞ്ചാലിലെ തന്നെ മറ്റൊരു ക്ലബ്ബായ ഡെസ്‌പ്പോര്‍ട്ടിവോ നാഷണലിലേക്ക് മാറി. ആ മാറ്റം ഒരു വഴിത്തിരിവായിരുന്നു. അവിടെ മികച്ച പ്രകടനം കാഴ്ചവച്ച റൊണാള്‍ഡോയ്ക്ക് 1997-ല്‍ പന്ത്രണ്ടാം വയസ്സില്‍ പോര്‍ച്ചുഗലിലെ മുന്‍നിര ക്ലബ്ബുകളില്‍ ഒന്നായ സ്‌പോര്‍ട്ടിങ് ലിസ്ബന്റെ യൂത്ത് അക്കാദമിയിലേക്ക് അവസരം ലഭിച്ചു.

ഫഞ്ചാലില്‍ നിന്ന് ആയിരം കിലോമീറ്ററോളം ദൂരമുണ്ട് പോര്‍ച്ചുഗലിന്റെ തലസ്ഥാന നഗരമായ ലിസ്ബനിലേക്ക്. അമ്മയോടൊപ്പം ആ ദ്വീപില്‍ നിന്ന് ലിസ്ബനിലേക്ക് യാത്ര തിരിക്കുമ്പോള്‍, ഇത് തന്റെ ജീവിതം മാറ്റിമറിക്കാന്‍ പോകുന്ന യാത്രയാകുമെന്ന് കുഞ്ഞു റൊണാള്‍ഡോയുടെ വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിരിക്കില്ല. എന്നാല്‍ ലിസ്ബന്‍ എന്ന മഹാനഗരത്തിലെ ബാല്യകാലജീവിതം അമ്മയ്ക്കും മകനും അത്ര സുഖകരമായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരിക്കെ പഠനത്തോട് അലസത കാണിച്ച അവന്‍ സ്‌പോര്‍ട്ടിങ് ലിസ്ബന്റെ പരിശീലനങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തി; ഒപ്പം ഉപജീവനത്തിനായി നഗരത്തില്‍ പാചകജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമ്മയെ സഹായിക്കുന്നതിലും.

ഈ ദുരിതങ്ങള്‍ക്കിടയിലാണ് കുഞ്ഞു റൊണാള്‍ഡോ ടാക്കിക്കാര്‍ഡിയ (ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍) ബാധിതനാണെന്ന് കണ്ടെത്തിയത്. പാചകം ചെയ്തും ശുചീകരണത്തൊഴിലുകളില്‍ ഏര്‍പ്പെട്ടും മകന്റെ കളിയെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ ഹൃദയം തകര്‍ന്നു. അത്ര പരിചിതമല്ലാത്ത ലിസ്ബന്‍ എന്ന മഹാനഗരത്തില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുള്ള മകനുവേണ്ടി തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍ ഫുട്‌ബോളിനോടുള്ള സ്‌നേഹവും അടങ്ങാത്ത ആവേശവും റൊണാള്‍ഡോയെ കരുത്തോടെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചു. റൊണാള്‍ഡോ ചികിത്സയ്ക്ക് വിധേയനായി. ആത്മവിശ്വാസവും ആവശ്യമായ മെഡിക്കല്‍ പിന്തുണയും നല്‍കി സ്‌പോര്‍ട്ടിങ് മാനേജ്‌മെന്റും ഡോക്ടര്‍മാരും സ്‌നേഹത്തോടെ അവന്റെ കൂടെ നിന്നു.

വൈകാതെ പൂര്‍ണ ആരോഗ്യത്തോടെ ഫുട്‌ബോളിന്റെ സജീവതയിലേക്ക് അവന്‍ തിരിച്ചുവന്നു. സ്‌പോര്‍ട്ടിങ് ലിസ്ബന്റെ യൂത്ത് ടീമില്‍ റൊണാള്‍ഡോ മുഴുവന്‍ സമയവും കളിച്ചുതുടങ്ങി. വൈകാതെ പോര്‍ച്ചുഗലിലെ ബിഗ് ത്രീ ക്ലബ്ബുകളില്‍ ഒന്നായ സ്‌പോര്‍ട്ടിങ് ലിസ്ബന്റെ സീനിയര്‍ ടീമിലും റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചു. 2002 ഓഗസ്റ്റ് 14-ന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ടില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനെതിരെ 58-ാം മിനിറ്റില്‍ ടോണിറ്റോയ്ക്ക് പകരക്കാരനായിട്ടായിരുന്നു റൊണാള്‍ഡോയുടെ പ്രൊഫഷണല്‍ കരിയറിന്റെ തുടക്കം. ആ കാഴ്ച എല്ലാ പ്രതിസന്ധികളിലും തന്റെ മകനെ നെഞ്ചോട് ചേര്‍ത്ത മരിയ ഡോളോറസിനെ സന്തോഷിപ്പിച്ചു; അവരുടെ കണ്ണുകളില്‍ നിന്ന് ആനന്ദകണ്ണീരൊഴുകി. അതൊരു ചരിത്രത്തിലേക്കുള്ള തുടക്കമാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

സ്‌പോര്‍ട്ടിങ്ങിന്റെ മുന്നേറ്റനിരയില്‍ അഴകും വേഗതയും കൃത്യതയും സമന്വയിപ്പിച്ച് മനോഹരമായി കളിക്കുന്ന ആ പയ്യനെ ഏവരെയുമെന്ന പോലെ, അന്നത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായിരുന്ന അലക്‌സ് ഫെര്‍ഗൂസനെയും അതിശയിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന് അതൊരു കിരീടവരള്‍ച്ചയുടെ കാലം കൂടിയായിരുന്നു. അതിനൊരു അറുതി വരുത്താനെന്നോണം യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ അവനെ റാഞ്ചുന്നതിന് മുമ്പ് തന്നെ 19 ദശലക്ഷം യൂറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌പോര്‍ട്ടിങ് ലിസ്ബന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.

വൈകാതെ മാഞ്ചസ്റ്ററില്‍ എത്തിയ അയാള്‍ ക്ലബ്ബിനൊപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും അവിഭാജ്യ ഘടകമായി മാറി. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാല്‍ ഒരു കാലഘട്ടത്തിന്റെ പേരാണെന്ന് ഫുട്‌ബോള്‍ ലോകം തിരിച്ചറിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചുവന്ന ജഴ്‌സിയില്‍ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച ആ യുവാവ്, പിന്നീട് റയല്‍ മാഡ്രിഡിന്റെ വെളുത്ത രാജവസ്ത്രം അണിഞ്ഞപ്പോള്‍ ഫുട്‌ബോള്‍ ചരിത്രം പുതിയ അധ്യായങ്ങള്‍ എഴുതിത്തുടങ്ങി. ഓള്‍ഡ് ട്രാഫോര്‍ഡിലും സാന്റിയാഗോ ബെര്‍ണബ്യൂവിലും അസാധ്യമായതിനെപ്പോലും സാധ്യമാക്കുന്ന ഒരു ഇതിഹാസം ഉദയം ചെയ്തു. ആ കാലഘട്ടം ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയര്‍ മാത്രമായിരുന്നില്ല, ഒരു തലമുറയുടെ ഓര്‍മ്മകള്‍ തന്നെയായിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളും ആഘോഷങ്ങളും കണ്ണീരും അഭിമാനവും ചേര്‍ത്തുതീര്‍ത്ത ഒരു സുവര്‍ണയുഗം.

വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഓള്‍ഡ് ട്രാഫോര്‍ഡിലും സാന്റിയാഗോ ബെര്‍ണബ്യൂവിലും ആ കാലത്തിന്റെ അലയൊലികള്‍ ഇന്നും മുഴങ്ങുന്നതുപോലെ തോന്നും. ഇരു ക്ലബ്ബുകള്‍ക്കുമായി നിരവധി കിരീടങ്ങളാണ് താരം നേടിയത്. ചരിത്രത്തിന് വിചിത്രമായ ചില ശീലങ്ങളുണ്ട്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ ചരിത്രം എന്നാല്‍ ഒരുകാലത്ത് 'കറുത്ത പുള്ളിപ്പുലി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന യുസേബിയോ മാത്രമായിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ പറങ്കിരാഷ്ട്രം സ്വന്തം ചരിത്രം തന്നെ മാറ്റിയെഴുതി. ഒരുകാലത്ത് വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ മാത്രം സ്വപ്നം കണ്ടിരുന്ന ആ രാജ്യം പിന്നീട് കിരീടം നേടാനിറങ്ങുന്ന ശക്തിയായി മാറി. ലോകം പോര്‍ച്ചുഗലിനെ കാണുന്ന കാഴ്ചപ്പാടും മാറി. 2016-ല്‍ യൂറോകപ്പ് ചാമ്പ്യന്മാരായതും 2018-19, 2024-25 വര്‍ഷങ്ങളില്‍ യുവേഫ നേഷന്‍സ് ലീഗില്‍ ചാമ്പ്യന്മാരായതും റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗലായിരുന്നു. ആ രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രം രണ്ട് കാലഘട്ടങ്ങളായി വേര്‍തിരിക്കേണ്ടി വന്നാല്‍, ഒന്ന് റൊണാള്‍ഡോയ്ക്ക് മുമ്പുള്ള കാലവും മറ്റൊന്ന് റൊണാള്‍ഡോ എന്ന പേര് ഒരു ജനതയുടെ ഹൃദയത്തില്‍ കൊത്തിവെച്ചതിനു ശേഷമുള്ള കാലവുമാണ്.

ഒരുപക്ഷേ ചരിത്രം അദ്ദേഹത്തിനായി ഒരു വിശ്വകിരീടത്തിന്റെ അധ്യായം എഴുതിയിട്ടുണ്ടാവില്ല. എന്നാല്‍ അദ്ദേഹം പോര്‍ച്ചുഗലിന്റെ ചരിത്രത്തില്‍ എഴുതിയ അധ്യായങ്ങള്‍ ഒരു ലോകകപ്പ് കിരീടത്തിനപ്പുറം നിലനില്‍ക്കുന്നവയാണ്. വിശ്വകിരീടത്തിന്റെ കുറവുണ്ടെങ്കിലും ഒരു ജനതയുടെ സ്വപ്നങ്ങളെ മാറ്റിമറിച്ച ആ മനുഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എല്ലാക്കാലവും ജ്വലിച്ചുനില്‍ക്കും. ഈ 42-ാം വയസ്സിലും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശത്തോടെ സൗദി ക്ലബ്ബ് അല്‍ നസ്‌റിനായി കളിക്കുന്ന ഇതിഹാസം അധികം വൈകാതെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം അതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും ആ പടിയിറക്കം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളെ വേദനിപ്പിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ട് അഴിച്ചുവെക്കുമ്പോള്‍ പടിയിറങ്ങുന്നത് ഒരു ഫുട്‌ബോള്‍ താരം മാത്രമല്ല; അനവധി സ്വപ്നങ്ങള്‍ക്ക് ചിറകായ ഒരു കഥയും പ്രതിസന്ധികളെ വെല്ലുവിളിച്ച ഒരു മനസ്സും അസാധ്യമായതിനെ സാധ്യമാക്കാമെന്ന് ഒരു തലമുറയെ പഠിപ്പിച്ച വിശ്വാസവും കൂടിയാണ്. അയാള്‍ പടിയിറങ്ങുന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, അയാള്‍ നിറഞ്ഞാടിയ ദിനരാത്രങ്ങളും അവയുടെ ഓര്‍മ്മകളും കാലത്തെയും തലമുറകളെയും അതിജീവിക്കും.

ലോകത്തിലെ ഏറ്റവും വലിയ മൈതാനങ്ങളിലെ ആര്‍പ്പുവിളികള്‍ക്കിടയിലും കോടിക്കണക്കിന് ആരാധകരുടെ സ്‌നേഹത്തിനിടയിലും അദ്ദേഹത്തിന്റെ മനസ്സ് വീണ്ടും തിരികെപോകുന്നത് താന്‍ ജനിച്ച അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ നടുവില്‍ കിടക്കുന്ന ആ പച്ചപ്പിന്റെ ദ്വീപിലേക്കാണ്. മഡെയ്‌റയുടെ കാറ്റും ഫഞ്ചാലിലെ തെരുവുകളും ആ പ്രദേശത്തെ ജനങ്ങളുടെ സ്‌നേഹവും അയാളുടെ ഓര്‍മ്മകളുടെ വേരുകളാണ്.

-മുനീര്‍ വാളക്കുട

Photo

Latest News

എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതൊരു പേരല്ല, ഒരു കാലഘട്ടമാണ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതൊരു പേരല്ല, ഒരു കാലഘട്ടമാണ്
August 1, 2026