ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം വിപണി വീണ്ടും നിരക്ക് വര്‍ധനയുടെ പാതയില്‍. ഉപഭോക്താക്കളുടെ മേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ചു കൊണ്ട് പ്രമുഖ കമ്പനികള്‍ മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഭാരതി എയര്‍ടെല്‍ തങ്ങളുടെ നിരവധി ജനപ്രിയ പ്ലാനുകള്‍ ഇതിനോടകം തന്നെ പിന്‍വലിച്ചു കഴിഞ്ഞു.
വിലക്കുറവുകൊണ്ട് ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 299 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ എടുത്തുമാറ്റി. ഇതോടെ ഉപയോക്താക്കള്‍ക്ക് അടുത്തതായി തിരഞ്ഞെടുക്കാവുന്ന കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ 349 രൂപയുടേതാണ്. ഇത്രയും നാള്‍ 299 രൂപയ്ക്ക് റീചാര്‍ജ് ചെയ്തിരുന്ന സാധാരണക്കാരായ വരിക്കാര്‍ക്ക് പുതിയ മാറ്റത്തോടെ 16 ശതമാനത്തോളം അധിക ബാധ്യതയാണ് വരുന്നത്.
ഇതിനുപുറമേ 579, 619, 649 രൂപയുടെ മറ്റ് ചില ജനപ്രിയ പ്ലാനുകളും കമ്പനി നിര്‍ത്തലാക്കിയിട്ടുണ്ട്. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ടെലിന്റെ ഈ നീക്കം. കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന രീതി ബിസിനസിന് ഗുണകരമല്ലെന്നും അതിനാല്‍ മാറ്റങ്ങള്‍ വരുമെന്നും ഭാരതി എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഗോപാല്‍ വിറ്റല്‍ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു.
വോഡാഫോണ്‍ ഐഡിയയും ജിയോയും നിരക്കുകള്‍ കൂട്ടിയേക്കും
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വോഡാഫോണ്‍ ഐഡിയയും റീചാര്‍ജ് നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ നിലനില്‍പ്പിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും താരിഫ് വര്‍ധന അനിവാര്യമാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം വളരെ കുറവാണെന്നാണ് കമ്പനിയുടെ വാദം. 2026 മാര്‍ച്ച് പാദത്തില്‍ 190 രൂപയായിരുന്ന Vi-യുടെ ARPU, 200 മുതല്‍ 300 രൂപ വരെയായി ഉയര്‍ത്തിയാല്‍ മാത്രമേ 5ജി പോലെയുള്ള നവീന സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താന്‍ സാധിക്കൂ.
വിപണിയിലെ മറ്റ് പ്രമുഖരായ ജിയോയും വൈകാതെ തന്നെ താരിഫ് വര്‍ധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അടുത്ത 3-4 മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകളില്‍ 12% മുതല്‍ 15% വരെ വര്‍ധനയുണ്ടാകാനാണ് സാധ്യത. 5ജി സേവനങ്ങള്‍ക്കായി നടത്തിയ ഭീമമായ നിക്ഷേപങ്ങളില്‍ നിന്ന് മികച്ച ലാഭം കണ്ടെത്തുകയാണ് ഇതിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്.
Related News