ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ എട്ടാം ക്ലാസുകാരിയുടെ ക്വട്ടേഷനില്‍. കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ ശിവന്‍കുട്ടിയെ (67) കൊലപ്പെടുത്തിയ കേസില്‍ 13 വയസുകാരിയായ പെണ്‍കുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. കൊല്ലം പരവൂര്‍ സ്വദേശികളായ 17 വയസുകാരാണ് പിടിയിലായ മറ്റുള്ളവര്‍.
ശിവന്‍കുട്ടിയുടെ വീട്ടില്‍ സ്വര്‍ണമുള്ള വിവരം പ്രതികളെ അറിയിച്ചതും ക്വട്ടേഷന്‍ നല്‍കിയതും ബന്ധുവായ 13 കാരിയാണ്. സ്വര്‍ണം വിറ്റ് പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ശിവന്‍കുട്ടിയുടെ മകള്‍ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലായതിനാല്‍ ഭാര്യയും ഒപ്പം പോയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി വീട്ടില്‍ ശിവന്‍കുട്ടിയും ചെറുമകളും മാത്രമാണ് ഉണ്ടായിരുന്നത്. കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നില്ല.
രാത്രി സ്ഥലത്തെത്തിയ പ്രതികള്‍ ശൗചാലയത്തിന്റെ വെന്റിലേഷനും ഷീറ്റും പൊളിച്ചാണ് അകത്തുകയറിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ആറ് പവന്‍ സ്വര്‍ണവും അപഹരിച്ചു. തെളിവ് നശിപ്പിക്കാനായി വീടിനുള്ളില്‍ മുളകുപൊടിയും വിതറിയിരുന്നു.
ക്രൂര കൃത്യം അരങ്ങേറുന്നതിനിടെ, ക്വട്ടേഷന്‍ നല്‍കിയ പെണ്‍കുട്ടി പ്രതികളുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ടിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ പ്രതികള്‍ പെണ്‍കുട്ടിയെ ലൈവായി കാണിച്ചതായും പോലീസ് പറയുന്നു. കൊല്ലത്ത് താമസിച്ചിരുന്ന കാലത്താണ് പെണ്‍കുട്ടി പ്രതികളായ കൊല്ലം സ്വദേശികളായ ആണ്‍കുട്ടികളുമായി പരിചയത്തിലാകുന്നത്.
മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ നടത്തിയ അന്വേഷണമാണ് അവിശ്വസനീയമായ ക്വട്ടേഷന്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പിടിയിലായ നാല് കൗമാരക്കാരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Related News