പാരീസ്: പശ്ചിമേഷ്യയില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കുന്നതിനും ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിനുമായി സൗദി അറേബ്യയും ഫ്രാന്‍സും തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
പ്രധാന പ്രഖ്യാപനങ്ങള്‍:
ഇറാന്‍ ആണവ വിഷയം: നയതന്ത്ര ചര്‍ച്ചകളിലൂടെ ഇറാന്‍ ആണവ തര്‍ക്കത്തിന് പരിഹാരം കാണണം. ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി (IAEA) പൂര്‍ണ്ണമായി സഹകരിക്കാന്‍ തഹ്‌റാനോട് ഇരുരാജ്യങ്ങളും അഭ്യര്‍ഥിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം: ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് തടസ്സങ്ങളില്ലാത്ത സ്വതന്ത്ര കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം: 1967-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശത്തെ ഇരുരാജ്യങ്ങളും പിന്തുണച്ചു. ഗാസയില്‍ അടിയന്തര മാനുഷിക സഹായം എത്തിക്കാനും സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ആഹ്വാനം ചെയ്ത നേതാക്കള്‍, അനധികൃത ഇസ്രായേലി കുടിയേറ്റങ്ങളെ ശക്തമായി അപലപിച്ചു.
ലെബനന്‍, യെമന്‍ വിഷയം: ലെബനന്റെ പരമാധികാരവും സൈനിക ശേഷിയും സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ 1701-ാം പ്രമേയം പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യെമനിലെ ആക്രമണങ്ങളെ അപലപിച്ച ഫ്രാന്‍സ് സൗദി അറേബ്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സാമ്പത്തിക, പ്രതിരോധ മേഖല: പ്രതിരോധ കരാറുകള്‍ക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിനോദ മേഖലകളിലായി 22-ലധികം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഫ്രാന്‍സിലെ സെര്‍ജി-പോന്തോയിസില്‍ 6 ശതകോടി യൂറോയുടെ ബൃഹത് പദ്ധതി സൗദിയുടെ കിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി വികസിപ്പിക്കും.
കൂടാതെ റിയാദ് എക്സ്പോ 2030-ല്‍ ഫ്രാന്‍സ് പങ്കാളിയാകുമെന്നും അല്‍ഉല സാംസ്‌കാരിക പദ്ധതിയിലെ സഹകരണം 2035 വരെ തുടരാനും തീരുമാനിച്ചു.