ദമ്മാം: ''ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും'' എന്ന പ്രമേയത്തില്‍ സൗദി അറേബ്യയിലെ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ത്രൈമാസ ദേശീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ദേശീയ ഉദ്ഘാടന സമ്മേളനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതല്‍ 6.00 വരെ ഓണ്‍ലൈനായി (Zoom) നടക്കും.
ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശവും നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും, ചിന്തയുടെയും ആത്മപരിവര്‍ത്തനത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ദേശീയ ഉദ്ഘാടന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (Wisdom Islamic Organization) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. അബ്ദുറഊഫ് അല്‍ ഹികമി, അബ്ദുല്ല അല്‍ ഹികമി, ഇമ്പിച്ചിക്കോയ സാഹിബ് എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തോടെയാണ് ദേശീയ തലത്തിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.
പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ, പ്രവിശ്യാ, റീജണല്‍, ഇസ്ലാഹി സെന്റര്‍ തലങ്ങളില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും അറുപതോളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍, പ്രൊഫഷണലുകള്‍, ഡ്രൈവര്‍മാര്‍, കുടുംബങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ക്വിസ്, പഠന ക്ലാസുകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍, കരിയര്‍ ഗൈഡന്‍സ്, CPR പരിശീലനം, യൂത്ത് സമ്മിറ്റ്, 'An Evening with Peace Radio' തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പ്രവാസികളുടെ തിരക്കേറിയ ജീവിതത്തിനിടയിലെ ഒഴിവുസമയം വിജ്ഞാനപ്രദവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും.
സൗദിയിലെ വിവിധ പ്രവിശ്യകളിലായി ബോധവത്കരണ പരിപാടികള്‍, പ്രഭാഷണങ്ങള്‍, വൈജ്ഞാനിക സംവാദങ്ങള്‍, കുടുംബസംഗമങ്ങള്‍ എന്നിവ നടക്കും. ഡ്രൈവര്‍മാര്‍ക്കായി 'ചലനം - ഡ്രൈവേഴ്‌സ് മീറ്റ്', വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, കലാ-കായിക പരിപാടികള്‍, വനിതകള്‍ക്കായി 'Ladies Meet', 'Elevate Her - Girls Gathering', യുവാക്കള്‍ക്കായി 'Youth Summit', 'Youth Debate', 'Youth Camps', പ്രൊഫഷണലുകള്‍ക്കായി 'Focus Professional Meet' തുടങ്ങിയവയും പദ്ധതിയിലുണ്ട്.
സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന് ഒരുപോലെ പങ്കാളികളാകാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പയിന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
Related News