ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ അയവുവരുത്തുന്നതിനും ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി. മേഖലയില്‍ സുസ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ പ്രധാനമന്ത്രി ടെഹ്‌റാനിലെത്തിയത്.
വടക്കന്‍ സമുദ്രപാതയായ ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി താല്‍ക്കാലിക സംയുക്ത നാവിക പാത ഒരുക്കുന്നതിനെക്കുറിച്ചും, കടലിടുക്കില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക ശക്തിയല്ല, മറിച്ച് നയതന്ത്രവും യുക്തിസഹമായ സംഭാഷണങ്ങളുമാണ് ആവശ്യമെന്ന് ഖത്തര്‍ പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
അതേസമയം ഇറാന്‍ യുദ്ധമോ സംഘര്‍ഷവ്യാപനമോ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെയും മുന്‍ ധാരണകളുടെ അടിസ്ഥാനത്തിലും പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തറിനൊപ്പം പാകിസ്ഥാനും ഒമാനും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഇറാനുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് യു.എസ്
മേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാകുമ്പോഴും ഇറാനുമായി നിലവില്‍ യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാന്‍ അര്‍ത്ഥവത്തായ രീതിയില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുന്നതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് അറിയിച്ചു. ഇറാനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏല്‍പ്പിക്കുന്ന 'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്കായി ഇറാനുമേല്‍ പ്രത്യേക സമയപരിധി ഒന്നുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക ഉപരോധങ്ങളും സൈനിക നീക്കങ്ങളും ഒരുപോലെ ഫലപ്രദമാണെന്നും യു.എസ് തങ്ങളുടെ ലക്ഷ്യങ്ങളില്‍ മുന്നേറുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Related News