ടെഹ്‌റാന്‍: പ്രത്യാക്രമണങ്ങള്‍ക്കായി തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ ഒരു മുസ്ലിം രാജ്യവും അനുവദിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ കേന്ദ്രമായി അയല്‍രാജ്യങ്ങള്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെഹ്‌റാനില്‍ നടക്കുന്ന 40-ാമത് അന്താരാഷ്ട്ര ഇസ്ലാമിക് യൂണിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നാല്‍ മറ്റ് മുസ്ലിം രാജ്യങ്ങളോടോ അയല്‍രാജ്യങ്ങളോടോ ഉള്ള ശത്രുതയല്ല. മറ്റൊരു ഇസ്ലാമിക രാജ്യത്തിനെതിരെയുള്ള ആക്രമണത്തിന്റെ താവളമായി തങ്ങളുടെ മണ്ണ് വിട്ടുനല്‍കാന്‍ ഒരു മുസ്ലിം രാജ്യവും തയ്യാറാകരുത്. അയല്‍രാജ്യങ്ങളുടെ സുരക്ഷ തകര്‍ത്തുകൊണ്ട് സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഒരു രാജ്യവും ശ്രമിക്കരുത്,' പെസഷ്‌കിയാന്‍ വ്യക്തമാക്കി.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനിലെ (OIC) 57 അംഗരാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോക സമ്പദ്വ്യവസ്ഥയുടെ 8.3 ശതമാനം മാത്രമാണ് ഈ രാജ്യങ്ങള്‍ പങ്കുവെക്കുന്നത് (ഏകദേശം 9.2 ട്രില്യണ്‍ ഡോളര്‍). അംഗരാജ്യങ്ങളുടെ കയറ്റുമതിയുടെ 19 ശതമാനം മാത്രമാണ് ഗ്രൂപ്പിനുള്ളില്‍ നടക്കുന്നത്. അതിനാല്‍ മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സംഘര്‍ഷത്തെക്കുറിച്ചും ഇറാന്‍ പ്രസിഡന്റ് പരാമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇറാനെതിരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും വന്‍തോതിലുള്ള സൈനിക ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കവേ ഉണ്ടായ ആക്രമണങ്ങളില്‍ സൈനിക കമാന്‍ഡര്‍മാര്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍ എന്നിവര്‍ കൊല്ലപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇറാന്‍ ഒരു യുദ്ധത്തിനും തുടക്കമിട്ടിട്ടില്ലെന്നും എന്നാല്‍ അക്രമികള്‍ക്കെതിരെ ശക്തമായി നിലകൊണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖ്, പാകിസ്താന്‍, തുര്‍ക്കി, ലെബനന്‍, അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നായി അറുന്നൂറോളം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച വരെ നീളുന്ന സമ്മേളനത്തിന്റെ ഭാഗമായി ടെഹ്‌റാന്‍, ഖോം, മഷ്ഹദ് എന്നിവിടങ്ങളിലും വിവിധ പ്രവിശ്യകളിലും പ്രത്യേക യോഗങ്ങള്‍ നടക്കും.