ബിഷ: പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടന്നതിലുള്ള നൈരാശ്യത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ബിഷയില്‍ തൂങ്ങിമരിച്ച തമിഴ്നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതി (26) യുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചു. ബിഷയില്‍ നിന്ന് ജിദ്ദ, മുംബൈ വഴി ചെന്നൈയിലേക്കുള്ള വിമാനത്തില്‍ നാട്ടിലെത്തിക്കുന്ന മൃതദേഹം നാളി (ശനിയാഴ്ച) ഉച്ചയോടെ സ്വദേശത്ത് സംസ്‌കരിക്കും.
ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെയാണ് സംഭവം. 'ഞാന്‍ ഇനി ജീവിച്ചിരിക്കുന്നില്ല' എന്ന് സഹോദരിക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. പുലര്‍ച്ചെ സന്ദേശം കണ്ട സഹോദരി ബിഷയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് രാജഭാരതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാട്ടില്‍ ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന രാജഭാരതി, ഇവരുടെ വിവാഹം മറ്റൊരാളുമായി നടക്കുന്നതിന് രണ്ടു ദിവസം മുന്‍പുവരെ അസ്വസ്ഥനായിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ജോലി ആവശ്യാര്‍ത്ഥം സൗദിയിലെത്തി പത്തുമാസം തികയുമ്പോഴാണ് ദുരന്തം.
പോസ്റ്റ്മോര്‍ട്ടവും മറ്റ് നിയമനടപടികളും പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് കെ.എം.സി.സി അംഗവുമായ അബ്ദുല്‍ അസീസ് പാതിപ്പറമ്പന്‍ (കൊണ്ടോട്ടി), രാജഭാരതിയുടെ നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News