റിയാദ്: സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ശബ്ദമായി മാറാനും കാലത്തിന്റെ സാക്ഷിയായി നിലകൊള്ളാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുന്‍ കേരള കൗമുദി പൊളിറ്റിക്കല്‍ എഡിറ്ററും പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ബി.വി. പവനന്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും വളര്‍ച്ച വാര്‍ത്താലോകത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സത്യാന്വേഷണം, വസ്തുനിഷ്ഠത, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാധ്യമധര്‍മങ്ങളില്‍ മാറ്റം വരരുതെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഒഐസിസി ഗസ്റ്റ് ലെന്‍സ്' പരിപാടിയില്‍ 'മാധ്യമം, കാലം, സമൂഹം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടി ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രസംഗം നടത്തി.
വാര്‍ത്തകള്‍ കൈമാറുന്ന സംവിധാനം എന്നതിലുപരി സമൂഹത്തിന്റെ ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കുന്ന ശക്തമായ സാമൂഹിക സ്ഥാപനമാണ് മാധ്യമങ്ങളെന്ന് ബി.വി. പവനന്‍ പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണ്. അതിനാല്‍ വാര്‍ത്തയുടെ വേഗതയ്ക്കപ്പുറം അതിന്റെ വിശ്വാസ്യത, ആധികാരികത, സാമൂഹിക പ്രസക്തി എന്നിവ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രധാന മാനദണ്ഡങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടെ ആര്‍ക്കും വാര്‍ത്തകള്‍ പ്രചരിപ്പിക്കാവുന്ന സാഹചര്യമുണ്ടായി. ഇതോടെ വ്യാജവാര്‍ത്തകളും അര്‍ധസത്യങ്ങളും അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും ഇല്ലാതാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ശരിയായ വിവരം ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തം പരമ്പരാഗത മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇന്ന് വാര്‍ത്തകള്‍ ചെറിയ റീലുകളാക്കി പ്രേക്ഷകരിലെത്തിക്കുന്ന സാഹചര്യമാണ്. കാലത്തിനനുസരിച്ച് മാധ്യമങ്ങളുടെ സാങ്കേതികരൂപം മാറിയാലും മാധ്യമധര്‍മത്തിന് മാറ്റം വരരുത്. അധികാരത്തോടും ഭരണകൂടത്തോടും ചോദ്യം ചോദിക്കാനുള്ള ധൈര്യവും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പ്രതിബദ്ധതയും മാധ്യമങ്ങള്‍ കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും പൊതുസമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുപ്പത് വയസ്സിന് താഴെയുള്ളവരില്‍ പത്രവായനാശീലം കുറഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുസ്തകങ്ങള്‍ വായിക്കുന്നതിന് യുവാക്കള്‍ സമയം കണ്ടെത്തുന്നുവെന്നത് ആശ്വാസകരമാണ്. വായന ഇല്ലാതാകുന്നതിനേക്കാള്‍ വായനയുടെ രീതിയിലാണ് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ബി.വി. പവനനെ ചടങ്ങില്‍ ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് മുഖ്യാതിഥിക്കുള്ള ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് ബി.വി. പവനന്‍ രചിച്ച, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍' എന്ന പുസ്തകം യഹിയ കൊടുങ്ങല്ലൂര്‍ അദ്ദേഹത്തില്‍ നിന്ന് ഏറ്റുവാങ്ങി.
ഒഐസിസി നേതാക്കളായ നവാസ് വെള്ളിമാട്കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, മാധ്യമപ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും രേഖപ്പെടുത്തി.
പ്രഭാഷണത്തിനുശേഷം സദസ്സില്‍ നിന്നുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ബി.വി. പവനന്‍ മറുപടി നല്‍കി. ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, നാദിര്‍ഷാ റഹ്‌മാന്‍, ബഷീര്‍ കോട്ടക്കല്‍, അസ്‌ക്കര്‍ കണ്ണൂര്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ്, ഷമീര്‍ മാളിയേക്കല്‍, ഷബീര്‍ വരിക്കാപള്ളി, അന്‍സാര്‍ വര്‍ക്കല, ഷിബു ഉസ്മാന്‍, ജംഷിദ് തുവ്വൂര്‍, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഇടപെടലുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം ആശയസംവാദത്തിനും അറിവ് പങ്കുവെക്കലിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 'ഗസ്റ്റ് ലെന്‍സ്' പരിപാടിക്ക് തുടക്കം കുറിച്ചത്. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തികളെ പങ്കെടുപ്പിച്ച് കാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി പരിപാടി തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
Related News