ജിദ്ദ: മലപ്പുറം ജില്ലാ ഒഐസിസി കമ്മിറ്റിയില്‍ നേതൃമാറ്റത്തെച്ചൊല്ലി ഗ്രൂപ്പ് പോര്. അസുഖബാധിതനായി നാട്ടിലേക്ക് മടങ്ങിയ മുന്‍ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോടിന് പകരക്കാരനെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കമ്മിറ്റിയില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും ഒരേസമയം രണ്ട് വ്യക്തികളെ പ്രസിഡന്റുമാരായി പ്രഖ്യാപിച്ചതോടെ വിഷയം വിവാദമായിരിക്കുകയാണ്.
ഔദ്യോഗിക പക്ഷത്തിന്റെ വാദം: കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു എംഎല്‍എ, പി.എ. സലീം എന്നിവരുടെ ഔദ്യോഗിക ഒപ്പോടുകൂടിയ സര്‍ക്കുലര്‍ പ്രകാരം ഫിറോസ് പോരൂരിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതായി നാഷണല്‍ പ്രസിഡന്റ് ബിജു കല്ലുമല, റീജിയണല്‍ പ്രസിഡന്റ് ഹക്കീം പാറക്കല്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്. അതംഗീകരിക്കുയാണ് കമ്മിറ്റി അംഗങ്ങള്‍ ചേയ്യേണ്ടത്. അതിനു വിപരീതമായ പ്രവര്‍ത്തനങ്ങള്‍ ഏതു ഭാഗത്തുനിന്നുണ്ടായാലും വിമത നീക്കമായാവും കാണുക.
കമ്മിറ്റിയില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലെന്നും എല്ലാവരുടെയും പിന്തുണയോടെയാണ് ഫിറോസിനെ തെരഞ്ഞെടുത്തിട്ടുള്ളതെന്നും കെപിസിസി തീരുമാനത്തെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും റീജിയണല്‍ പ്രസിഡന്റ് ഹക്കീം മുന്നറിയിപ്പ് നല്‍കി.
എതിര്‍ വിഭാഗത്തിന്റെ വാദം: കെപിസിസിയുടെ പേരില്‍ പുറത്തുവന്ന സര്‍ക്കുലര്‍ വ്യാജമാണെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം. ആഗസ്ത് എട്ടിന് ചേര്‍ന്ന സമ്പൂര്‍ണ്ണ എക്സിക്യൂട്ടീവ് യോഗത്തില്‍ ജിദ്ദയിലുള്ള 55 അംഗങ്ങളില്‍ 35 പേര്‍ പങ്കെടുത്തിരുന്നു. ഇവരുടെ പിന്തുണയോടെ യോഗ തീരുമാനപ്രകാരം സൈഫുദ്ദീന്‍ വാഴയിലിനെ ഐക്യകണ്ഠേനയാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഈ വിവരം മേല്‍ക്കമ്മിറ്റികളെയും കെപിസിസിയെയും ഔദ്യോഗികമായി അറിയിച്ചതാണെന്നും, എക്സിക്യൂട്ടീവ് തീരുമാനം അട്ടിമറിച്ച് സര്‍ക്കുലറിലൂടെ മറ്റൊരു വ്യക്തിയെ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
ഒരേ കമ്മിറ്റിക്ക് ഒരേസമയം രണ്ട് പ്രസിഡന്റുമാര്‍ വന്നത് പ്രവാസി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കടുത്ത ചേരിതിരിവിനാണ് കളമൊരുക്കിയിരിക്കുന്നത്. മേല്‍ക്കമ്മിറ്റികള്‍ വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഒഐസിസി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
Related News