നാഗോയ: ഏഷ്യൻ ഗെയിംസ് 2026ന്റെ 12ാം ദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെയും ചൈനയെയും പരാജയപ്പെടുത്തി ഇന്ത്യ സ്വർണം പിടിച്ചു. ജ്യോതി സുരേഖ വെണ്ണം, പ്രിതിക പ്രദീപ്, തനിപർത്തി ചികിത എന്നിവരടങ്ങിയ ഇന്ത്യൻ ടീം സെമിഫൈനലിൽ തെക്കൻ കൊറിയയെയും ഫൈനലിൽ ചൈനയെയും തോൽപ്പിച്ചു.
ദക്ഷിണ കൊറിയക്കെതിരായ സെമിഫൈനലിൽ സമ്മർദ്ദത്തെ അതിജീവിച്ചാണ് ഇന്ത്യൻ താരങ്ങൾ വിജയം നേടിയത്. ലോകതലത്തിൽ കരുത്തുറ്റ ടീമായ കൊറിയക്കെതിരായ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു. ഫൈനലിൽ ജ്യോതി സുരേഖയുടെ പരിചയസമ്പത്തും പ്രിതികയുടെയും ചികിതയുടെയും മികച്ച പ്രകടനവും ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായി.
വനിതാ സ്‌ക്വാഷ് ടീം മത്സരത്തിലും സെമിഫൈനലിൽ എത്തിയതോടെ ഇന്ത്യക്ക് മെഡൽ ഉറപ്പായി. ഏഷ്യൻ ഗെയിംസിൽ സ്‌ക്വാഷ് ഇന്ത്യയുടെ സ്ഥിരം മെഡൽ പ്രതീക്ഷകളിലൊന്നാണ്.
വനിതാ ട്രാപ്പിൽ ചരിത്ര സ്വർണം നേടിയ നീരു ധണ്ട വീണ്ടും മത്സരരംഗത്തെത്തി. മിക്‌സഡ് ടീം യോഗ്യതാ മത്സരത്തിലാണ് നീരു ഇത്തവണ ഇറങ്ങിയത്. വ്യക്തിഗത ഇനത്തിലെ സ്വർണനേട്ടത്തിന് പിന്നാലെ മറ്റൊരു മെഡൽ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യൻ താരം മത്സരിക്കുന്നത്.
പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് വ്യക്തിഗത യോഗ്യതയിൽ അനീഷ് ഭൻവാലയും ഇന്ത്യയുടെ പ്രതീക്ഷയായി. സൈക്ലിങ്ങിൽ റൊണാൾഡോ സിങ്, ഡേവിഡ് ബെക്കാം എന്നിവർ പുരുഷന്മാരുടെ സ്പ്രിന്റിലും സരിത കുമാരി, കീർത്തി രംഗസ്വാമി ചിക്ക എന്നിവർ വനിതാ കെയ്‌റിനിലും മത്സരിച്ചു.
ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ലവ്‌ലിന ബോർഗൊഹെയ്ൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ബോക്‌സർമാർ കൂടുതൽ മെഡലുകൾ ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ഗുസ്തി സംഘവും മെഡൽ വേട്ടയ്ക്ക് ഇറങ്ങി.
വനിതാ ഹോക്കിയിൽ ദക്ഷിണ കൊറിയക്കെതിരായ സെമിഫൈനലും ഇന്ത്യയുടെ ഇന്നത്തെ പ്രധാന പോരാട്ടങ്ങളിലൊന്നാണ്. അത്‌ലറ്റിക്‌സിൽ ചൊവ്വാഴ്ച ഇന്ത്യ സ്വർണം ഉൾപ്പെടെ മികച്ച മെഡൽ കൊയ്ത്ത് നടത്തിയിരുന്നു.
Related News