പട്‌ന: ബിഹാറിലെ ഉന്നത ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും വിജിലന്‍സ് അന്വേഷണ ബ്യൂറോ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് പട്‌ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ ദിവാകറിന്റെയും ദാനാപൂരിലെ സബ് രജിസ്ട്രാര്‍ കുമാരി സ്വീറ്റിയുടെയും വസതിയിലാണ് പരിശോധന നടന്നത്.
പട്‌ന, ദാനാപൂര്‍, ബെഗുസരായ് എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. ദാനാപൂരിലെ ഒരേ അപ്പാര്‍ട്ട്‌മെന്റിലുള്ള ദമ്പതികളുടെ രണ്ട് ഫ്‌ലാറ്റുകളില്‍നിന്ന് ഏകദേശം 70 ലക്ഷം രൂപയും 48 വാച്ചുകളും കണ്ടെത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര സിങ് ഗംഗ്വാര്‍ അറിയിച്ചു. ബെഗുസരായിലെ കുടുംബവീട്ടില്‍നിന്ന് ഒമ്പത് ലക്ഷം രൂപ കൂടി പിടിച്ചെടുത്തു.
48 വാച്ചുകള്‍ക്ക് ഏകദേശം 6.01 ലക്ഷം രൂപ വിലമതിക്കുന്നതായാണ് അന്വേഷണ ഏജന്‍സിയുടെ കണക്ക്. ആഭരണങ്ങളും മറ്റ് സ്വത്തുക്കളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യത്തിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബാങ്ക് അക്കൗണ്ടുകളിലെ വലിയ നിക്ഷേപങ്ങള്‍, വിവിധ സാമ്പത്തിക നിക്ഷേപങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളും പരിശോധനയില്‍ ലഭിച്ചതായി വിജിലന്‍സ് അറിയിച്ചു.
ദമ്പതികള്‍ക്ക് പട്‌നയിലെ ദാനാപൂരിലും ഫുല്‍വാരി ശരീഫിലും ബെഗുസരായിലുമായി ഏഴ് സ്വത്തുക്കളുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ദാനാപൂരിലെ കശ്യപ് ഗ്രീന്‍ സിറ്റിയിലെ ഫ്‌ലാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രണ്ട് ഫ്‌ലാറ്റുകളും ഫെബ്രുവരി മൂന്നിന് ഔദ്യോഗിക രേഖകളില്‍ ഏകദേശം ഒരു കോടി രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ ഇവയുടെ യഥാര്‍ഥ വിപണിമൂല്യം ഏകദേശം നാല് കോടി രൂപയാകാമെന്നാണ് റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.
അറിയപ്പെടുന്ന വരുമാനസ്രോതസ്സുകളുമായി പൊരുത്തപ്പെടാത്ത 1.07 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായാണ് ദമ്പതികള്‍ക്കെതിരായ പ്രധാന ആരോപണം. ഇത് അവരുടെ അറിയപ്പെടുന്ന ആകെ വരുമാനത്തിന്റെ ഏകദേശം 47 ശതമാനമാണെന്നാണ് വിജിലന്‍സ് കേസ്.
സെപ്റ്റംബര്‍ 25നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍നിന്ന് പരിശോധനാ വാറന്റ് നേടി റെയ്ഡ് നടത്തുകയായിരുന്നു.
രവീന്ദ്ര കുമാര്‍ ദിവാകര്‍ 2000ല്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സംസ്ഥാന സിവില്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം സാരണ്‍ ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കതിഹാര്‍, ദര്‍ഭംഗ, ഗയ, പട്‌ന എന്നിവിടങ്ങളില്‍ വിവിധ തസ്തികകള്‍ വഹിച്ചു. 2025 ഒക്ടോബറിലാണ് പട്‌ന അഡിഎം ആയി നിയമിതനായത്.
ഭാര്യ കുമാരി സ്വീറ്റി 2013 ബാച്ച് സബ് രജിസ്ട്രാറാണ്. ബെഗുസരായ്, മുന്‍ഗേര്‍, മുസഫര്‍പൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം 2024ല്‍ ദാനാപൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.
Related News