തിരുവനന്തപുരം: പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കൂടുതല്‍ കടുത്ത അച്ചടക്ക നടപടിക്ക് സി.പി.എം. ഒരു യുവ അഭിഭാഷക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിക്കൊപ്പം യുവതി ഡിജിറ്റല്‍ തെളിവുകളും നേതൃത്വത്തിന് കൈമാറിയതായും കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം നടപടികള്‍ വേഗത്തിലാക്കിയതെന്നുമാണ് സൂചന.
സുരേഷ് ബാബുവിനെ ഞായറാഴ്ച പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി മുന്‍ എം.എല്‍.എ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചിരുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതൃമാറ്റം നടന്നത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നായിരുന്നു സുരേഷ് ബാബുവിന്റെ വിശദീകരണം. എന്നാല്‍, പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം അദ്ദേഹത്തോട് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടനാ പരിപാടിക്കെത്തിയപ്പോഴാണ് സുരേഷ് ബാബു മോശമായി പെരുമാറിയതെന്നാണ് യുവ അഭിഭാഷകയുടെ പരാതിയിലെ ആരോപണം. തുടര്‍ന്ന് ദീര്‍ഘകാലം ഫോണിലൂടെയും ശല്യം ചെയ്തുവെന്നും പരാതിയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആരോപണങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും കൈമാറിയതായി പറയുന്നു.
പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ സംസ്ഥാന നേതൃത്വം ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തുടര്‍നടപടി ആലോചിക്കുന്നതായാണ് വിവരം. പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ച് പരാതി പരിശോധിച്ചശേഷം അന്തിമ അച്ചടക്ക നടപടി തീരുമാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സുരേഷ് ബാബു സംസ്ഥാന കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നടപടി സംബന്ധിച്ച ചര്‍ച്ച.
സുരേഷ് ബാബുവിനെതിരെ പരാതിയുണ്ടെന്ന വാര്‍ത്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തള്ളി. സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ 'ശുദ്ധ അസംബന്ധം' ആണെന്നും അദ്ദേഹം പ്രതികരിച്ചു. നേതൃമാറ്റത്തിന്റെ കാരണം പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പരാതി ലഭിച്ചിട്ടും മാസങ്ങളോളം പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സുരേഷ് ബാബുവിനെതിരായ തുടര്‍നടപടിയില്‍ നിര്‍ണായകമാകുക.
Related News