റിയാദ്- 2026-ലെ വാര്‍ഷിക ദേശീയ രക്തദാന കാമ്പയിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രക്തദാനം ചെയ്തതില്‍ സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍-ജലാജില്‍ നന്ദിയും ആദരവും അറിയിച്ചു. കഴിഞ്ഞ വര്‍ഷം കിരീടാവകാശി തുടക്കമിട്ട ജീവകാരുണ്യ പദ്ധതിയുടെ തുടര്‍ച്ചയാണിതെന്നും, ഇത് രാജ്യത്തുടനീളം സ്വമേധയാ ഉള്ള രക്തദാന സംസ്‌കാരവും പരസ്പര സഹകരണവും ശക്തമാക്കാന്‍ സഹായിച്ചതായും മന്ത്രി പ്രസ്താവിച്ചു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ പ്രചാരണം വിജയകരമായി തുടരുന്നത് പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കിരീടാവകാശിക്കുള്ള പ്രത്യേക താല്പര്യത്തെയാണ് കാണിക്കുന്നതെന്ന് അല്‍-ജലാജില്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ രക്തലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ കാമ്പയിന്‍ വലിയ കരുത്തേകുന്നു.
2025-ല്‍ നടന്ന കാമ്പയിന്‍ വന്‍ വിജയമായിരുന്നുവെന്നും രക്തദാതാക്കളുടെ എണ്ണത്തില്‍ നാല് മടങ്ങ് വര്‍ധനവുണ്ടാക്കാന്‍ അതിന് സാധിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 65,000-ത്തിലധികം ദാതാക്കളുമായി ബ്ലഡ് ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 100% പേരും സ്വമേധയാ രക്തം നല്‍കിയവരും 85%-ത്തിലധികം പേരും കന്നി ദാതാക്കളുമായിരുന്നു. ഇതുവഴി 63,000-ത്തിലധികം രോഗികള്‍ക്ക് രക്ത യൂണിറ്റുകളും, 10,000 പേര്‍ക്ക് പ്ലേറ്റ്ലെറ്റുകളും, 10,000 പേര്‍ക്ക് പ്ലാസ്മയും നല്‍കാന്‍ സാധിച്ചു.
ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെയും സൗദി വിഷന്‍ 2030-ന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സമൂഹത്തിലെ എല്ലാവരും ദേശീയ രക്തദാന പദ്ധതിയില്‍ പങ്കാളികളാകണമെന്നും പതിവായി രക്തദാനം നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. താനും കാമ്പയിന്റെ ഭാഗമായി രക്തദാനം നിര്‍വ്വഹിച്ചതായി അറിയിച്ച മന്ത്രി, രാജ്യത്തെ എല്ലാ രക്തദാന കേന്ദ്രങ്ങളും ദാതാക്കളെ സ്വീകരിക്കാന്‍ സജ്ജമാണെന്നും കൂട്ടിച്ചേര്‍ത്തു.
Related News