മക്ക: ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, നാല് ഉംറ സര്‍വീസ് കമ്പനികളുടെയും നാല് വിദേശ ഏജന്റുമാരുടെയും പ്രവര്‍ത്തനം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു.
തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച ഗുരുതരമായ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ അന്വേഷണങ്ങള്‍ക്കും നിയമപരമായ ശിക്ഷാ നടപടികള്‍ക്കുമായി ഈ കമ്പനികളെ തീര്‍ത്ഥാടകരുടെ പരാതികള്‍ പരിശോധിക്കുന്ന പ്രത്യേക സമിതിക്ക് കൈമാറിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉംറ കമ്പനികളും സേവന ദാതാക്കളും വിദേശ ഏജന്റുമാരും നിയന്ത്രണങ്ങളും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും നേരിട്ടും പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
തീര്‍ത്ഥാടകരോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലും അംഗീകൃത നിയമങ്ങള്‍ പാലിക്കുന്നതിലും സൗദി കമ്പനികളും ബാഹ്യ ഏജന്റുമാരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായ 'പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമി'ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Related News