മുംബൈ: എ.ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം സ്ത്രീകളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും നേരെയുള്ള പുതിയ ഭീഷണിയായി മാറുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടി ജാന്‍വി കപൂര്‍. ദേവര: പാര്‍ട്ട് 1 എന്ന ചിത്രത്തിലെ ചുട്ടമല്ലേ ഗാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എ.ഐ ഉപയോഗിച്ച് മാറ്റിമറിച്ച് പ്രചരിപ്പിച്ച സംഭവം തനിക്കെതിരായ ഹീനമായ ലൈംഗികാക്രമണമാണെന്ന ജാന്‍വി പ്രതികരിച്ചു.
സമ്മതമില്ലാതെ സ്ത്രീകളെ ലൈംഗികവല്‍ക്കരിക്കുകയും കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതീവ ഗുരുതരമായ അതിക്രമമാണെന്ന് ജാന്‍വി പറഞ്ഞു. സാങ്കേതികവിദ്യയുടെ ഇത്തരം ക്രിമിനല്‍ ദുരുപയോഗം സ്ത്രീകളുടെ ശരീരത്തെയും പ്രതിച്ഛായയെയും അവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സിനിമാരംഗത്തെ നിരവധി സ്ത്രീകള്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീയുടെ സമ്മതം സാഹചര്യത്തിനനുസരിച്ച് മാറാവുന്നതാണെന്നും അതിനെ എപ്പോഴും മാനിക്കണമെന്നും ജാന്‍വി ഓര്‍മിപ്പിച്ചു. വസ്ത്രധാരണമോ മുന്‍കാല സമ്മതമോ മറ്റൊരാള്‍ക്ക് ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്കോ ശരീരത്തിലേക്കോ അതിക്രമിച്ചുകയറാനുള്ള അനുമതി നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.
വിഷയം തനിക്കെതിരായ എ.ഐ വീഡിയോകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സ്ത്രീകള്‍ നേരിടുന്ന വലിയ സാമൂഹിക പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ജാന്‍വി അഭിപ്രായപ്പെട്ടു. യഥാര്‍ഥ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന സുരക്ഷാഭീഷണികള്‍ക്ക് പുറമെ, അതേ ഭീഷണി ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജാന്‍വിക്ക് പിന്തുണയുമായി സഹതാരം ജൂനിയര്‍ എന്‍.ടി.ആര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. ചിരഞ്ജീവി, വിജയ് ദേവരകൊണ്ട, ഖുശ്ബു സുന്ദര്‍ എന്നിവരും എ.ഐയുടെ ദുരുപയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ടു.
അവളുടെ ശരീരം. അവളുടെ ചിത്രം. അവളുടെ അതിരുകള്‍. അവളുടെ തിരഞ്ഞെടുപ്പ് എന്ന വാക്കുകളുമായാണ് ജാന്‍വി പ്രസ്താവന അവസാനിപ്പിച്ചത്. എ.ഐ കാലത്ത് സ്വകാര്യതയുടെയും സമ്മതത്തിന്റെയും അടിസ്ഥാനപ്രാധാന്യം ഓര്‍മിപ്പിക്കുന്നതാണ് ജാന്‍വിയുടെ പ്രതികരണം.
Related News