റിയാദ്- ഹൂത്തി തീവ്രവാദികള്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തതായി യമനിലെ നിയമസാധുതയുള്ള സര്‍ക്കാരിനെ പിന്തുണക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു. ഇതില്‍ ഒരു മിസൈല്‍ ഖമീസ് മുഷൈത്തിനെയും മറ്റൊന്ന് റിയാദിന്റെ വടക്കന്‍ മേഖലയെയുമാണ് ലക്ഷ്യമിട്ടിരുന്നത്.
യമന്‍ തലസ്ഥാനമായ സന്‍ആ, സഅദ, അംറാന്‍ എന്നീ ഗവര്‍ണറേറ്റുകളാണ് ഹൂത്തികളുടെ ഈ മിസൈല്‍ ഭീഷണികളുടെ പ്രധാന ഉറവിടങ്ങളെന്ന് മേജര്‍ ജനറല്‍ അല്‍-മാലിക്കി വ്യക്തമാക്കി.
ബാലിസ്റ്റിക്, ഉപരിതല മിസൈലുകള്‍ ഉയര്‍ത്തുന്ന ഭീഷണികളെ ഇല്ലായ്മ ചെയ്യാനും അവയുടെ ഉറവിടങ്ങള്‍ നശിപ്പിക്കാനുമുള്ള നടപടികള്‍ തുടരുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സന്‍ആയുടെ വ്യോമാതിര്‍ത്തിയില്‍ സഖ്യസേനയുടെ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് മിസൈല്‍ വിക്ഷേപണ തറ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അത് ഉടന്‍ തന്നെ തകര്‍ക്കുമെന്നും അല്‍-മാലിക്കി കൂട്ടിച്ചേര്‍ത്തു.
Related News