തൃശൂര്: വലപ്പാട് ബീച്ചില് കുടുംബവഴക്കിനെത്തുടര്ന്ന് യുവതിയും നാലര വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും (30) മകന് ദക്ഷിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.
ഇന്ന് പുലര്ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വിസ്മയയുടെ കരച്ചില് കേട്ട് സഹോദരന് ഓടിയെത്തി വാതില് തള്ളിത്തുറന്നപ്പോഴാണ് കഴുത്തറത്ത നിലയില് വിസ്മയയെ തറയില് ചോരയില് കുളിച്ചു കിടക്കുന്നതായി കണ്ടത്. ഈ സമയം മകനെയും കൊണ്ട് മറ്റൊരു മുറിയില് കയറി വാതിലടച്ച വിജേഷ് കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസ് ഇരുവരേയും ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികള് തമ്മില് കുറച്ചുകാലമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരുടെയും മൃതദേഹങ്ങള് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
Related News