ജിദ്ദ: ജിദ്ദ ഹസ്സന് ഗസ്സാവി ഹോസ്പിറ്റലും എംപവറിങ് വിമന്സ് അലയന്സും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യസെമിനാര് ശ്രദ്ധേയമായി. ഹസന് ഗസ്സാവി ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റായ ഡോ. ഹസീന ബീഗവുമാണ് സെഷനുകള് നയിച്ചത്.
സ്ത്രീകളുടെയും, കുട്ടികളുടെയും ആരോഗ്യസംരക്ഷണമായിരുന്നു പ്രധാന വിഷയം. ആരോഗ്യത്തെ കുറിച്ച് ശരിയായ അറിവ് നേടാന് സമയം കണ്ടെത്താത്തതും ജീവിത ശൈലിയില് മാറ്റം കൊണ്ടുവരാന് ശ്രമിക്കാത്തതും സമൂഹത്തിന് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുന്നുവെന്നും പ്രഭാഷകര് അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണം കുടുംബത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണെന്നും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അറിവും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്നും ഡോക്ടര്മാര് വിശദീകരിച്ചു. വിവാഹിതരാവാന് തയ്യാറെടുക്കുന്നവര് നിര്ബന്ധമായും എടുക്കേണ്ട ഗര്ഭയശയ ക്യാന്സറിനെതിരായ പ്രതിരോധ കുത്തിവെപ്പിനെകുറിച്ച് സെമിനാറില് പങ്കെടുത്തവരുടെ സംശയങ്ങള്ക്ക് മറുപടി പറയവേ ഓര്മ്മപ്പെടുത്തി.
ജ്യോതി ബാബുകുമാര് ആശംസകള് നേര്ന്നു. നീമ, മൗഷുമി ശരീഫ്, അഫ്ര സബീന് റാഫി , സുവിജ സത്യന്, റജിയ വീരാന്, ഹസീന റഷീദ് എന്നിവര് സംസാരിച്ചു.
സിമി അബ്ദുല് ഖാദര് അവതാരകയും സോഫിയ സുനില് മോഡറേറ്ററുമായ പരിപാടിയില് ഷെറീന റഷീദ് സ്വാഗതം പറഞ്ഞു. പരിപാടിയില് പങ്കെടുത്തവര്ക്കും സഹകരിച്ചവര്ക്കും സബീനാ റാഫി നന്ദി പ്രകാശിപ്പിച്ചു.
ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യബോധം വര്ധിപ്പിക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങള്ക്ക് കൂടുതല് ശ്രദ്ധ നല്കുന്നതിനും ഇത്തരം പരിപാടികള് തുടര്ന്നും സംഘടിപ്പിക്കുമെന്ന് ഹസ്സന് ഗസ്സാവി ഹോസ്പിറ്റല് ഡയറക്ടര് ഡോ. അഖില് റഹ്മാന് അറിയിച്ചു.