കല്പറ്റ- പത്മശ്രീ ജേതാവും പരമ്പരാഗത നെല്വിത്ത് സംരക്ഷകനുമായ ചെറുവയല് രാമന്റെ വേര്പാടില് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി വയനാട് എം.പി പ്രിയങ്ക ഗാന്ധി. അദ്ദേഹത്തെ തന്റെ 'മലയാളി അച്ഛന്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പങ്കുവെച്ച ഹൃദയസ്പര്ശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില് വലിയ തോതില് വൈറലായിരിക്കുകയാണ്.
തന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോള് മുതല് തന്നെ മകളായി കണ്ട ചെറുവയല് രാമന് തന്റെ ഹൃദയം കീഴടക്കിയെന്ന് പ്രിയങ്ക ഗാന്ധി അനുസ്മരിക്കുന്നു. അന്ന് മുതല് താന് അദ്ദേഹത്തെ തമാശയായി തന്റെ 'മലയാളി അച്ഛന്' എന്ന് വിളിച്ചിരുന്നുവെന്നും ഒരു മാസം മുമ്പ് അവസാനമായി സംസാരിച്ചപ്പോള് തന്നെ വന്നു കാണാന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും അവര് പറയുന്നു. താന് വരുമെന്ന് വാക്ക് നല്കിയിരുന്നെങ്കിലും ഡല്ഹിയിലെ ഔദ്യോഗിക തിരക്കുകള് കാരണം വയനാട്ടിലെ സന്ദര്ശനം വെട്ടിച്ചുരുക്കേണ്ടി വന്നതിനാല് അദ്ദേഹത്തെ കാണാന് സാധിച്ചില്ല. ഉടന് തന്നെ മടങ്ങിയെത്താമെന്ന് കരുതിയെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ലെന്നും, അദ്ദേഹത്തിന്റെ വിയോഗ വാര്ത്ത അറിഞ്ഞപ്പോള് തന്റെ ഹൃദയം തകര്ന്നുപോയെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.
എന്റെ മലയാളി അച്ഛന് അറിവും അന്തസ്സും ചിന്തയിലും പ്രവൃത്തിയിലും ധീരതയുമുള്ള വ്യക്തിയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. തന്റെ ജനങ്ങള്ക്കായി കൂടുതല് മെച്ചപ്പെട്ട ജീവിതം അദ്ദേഹം ആഗ്രഹിച്ചു, അതില് കുറഞ്ഞതൊന്നും അംഗീകരിക്കാന് അദ്ദേഹം തയ്യാറായിരുന്നില്ല. വിവേചനങ്ങളും അനീതികളും അദ്ദേഹത്തിന്റെ മനസ്സിന് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല. കണ്ണ് നിറഞ്ഞു തുളുമ്പിക്കൊണ്ടാണ് തനിക്ക് ലഭിച്ച പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹം കാണിച്ചു തന്നതെന്നും, തന്റെ ജനങ്ങള് മെച്ചപ്പെട്ട ജീവിതം നയിക്കുന്നത് കാണുന്നതുവരെ ഈ പുരസ്കാരങ്ങള്ക്കൊന്നും തനിക്ക് യാതൊരു വിലയുമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും പ്രിയങ്ക അനുസ്മരിച്ചു.
നെല്ക്കൃഷിയെക്കുറിച്ചും കൃഷിയെക്കുറിച്ചുമുള്ള അറിവില് അദ്ദേഹം ഒരു ജ്ഞാനിയായിരുന്നു. സ്വന്തം സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വം അദ്ദേഹം പൂര്ണ്ണമായി ഉള്ക്കൊണ്ടിരുന്നു. തന്റെ പാരമ്പര്യത്തില് അഭിമാനിച്ച അദ്ദേഹം ഓരോ ശ്വാസത്തിലും അത് അനുഭവിച്ചറിഞ്ഞു. ജ്ഞാനിയായ തന്റെ പ്രിയ സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പാഠങ്ങള് എപ്പോഴും തന്റെ ഹൃദയത്തില് സൂക്ഷിക്കുമെന്നും ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത് മഹാനായ ഒരു മകനെയാണെന്നും കൂട്ടിച്ചേര്ത്താണ് പ്രിയങ്ക ഗാന്ധി തന്റെ അനുശോചന സന്ദേശം അവസാനിപ്പിച്ചത്.
വയനാടിന്റെ തനിമയാര്ന്ന ജൈവവൈവിധ്യവും പരമ്പരാഗത നെല്വിത്തുകളും പതിറ്റാടുകളായി കാത്തുസൂക്ഷിച്ച ചെറുവയല് രാമന്റെ വിയോഗം നാടിനാകെ അപൂര്വ്വമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് പുറമെ രാഹുല് ഗാന്ധി ഉള്പ്പെടെയുള്ള പ്രമുഖ നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലികള് അര്പ്പിച്ചിട്ടുണ്ട്.
Related News