മാല്ഡീവ്സിലെ പ്രശസ്തമായ സിയം വേള്ഡ് റിസോര്ട്ട് പുതിയൊരു വിനോദ അനുഭവവുമായി എത്തിയിരിക്കുന്നു. പരമ്പരാഗതമായ സിനിമാ അനുഭവം പൂര്ണ്ണമായും മാറ്റിമറിച്ചുകൊണ്ട്, ലഗൂണിനു മുകളില് വെള്ളത്തിലൂടെ സഞ്ചരിച്ച് സിനിമ കാണാന് സാധിക്കുന്ന 'ജെറ്റ് കാര് സിനിമാ' റിസോര്ട്ട് അവതരിപ്പിച്ചു. സാധാരണ സീറ്റുകളില് ഇരുന്ന് സിനിമ കാണുന്ന രീതിക്ക് വിരാമമിട്ടുകൊണ്ടാണ് ഈ പുതിയ പദ്ധതി.
സഞ്ചാരികള്ക്ക് ജെറ്റ് കാറില് കയറി ലഗൂണിലൂടെ കറങ്ങി നടന്ന്, വെള്ളത്തില് പൊങ്ങിക്കിടക്കുന്ന വലിയ സ്ക്രീനില് സിനിമ ആസ്വദിക്കാം. രാത്രിയിലെ തുറന്ന ആകാശത്തിനു കീഴെ, മാല്ഡീവ്സിലെ ഇളംചൂടുള്ള വെള്ളത്തിന് നടുവിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജെറ്റ് കാര് സാഹസികതയും ഡ്രൈവ്-ഇന് തിയേറ്ററും ഒന്നിക്കുന്ന ഈ അനുഭവം സഞ്ചാരികള്ക്ക് തികച്ചും പുതിയൊരു അനുഭവമാണ്.
മാല്ഡീവ്സിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് വാട്ടര് പാര്ക്ക്, രാജ്യത്തെ ആദ്യത്തെ റിസോര്ട്ട് കുതിര ലായം, ഇലക്ട്രിക് ഗോ-കാര്ട്ട് ട്രാക്ക് എന്നിവയെല്ലാം സിയം വേള്ഡിലുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള് ജെറ്റ് കാര് സിനിമയും എത്തിയിരിക്കുന്നത്.
ഒരു സെഷനില് നാല് അതിഥികള്ക്ക് വരെ ഇതില് പങ്കെടുക്കാം. സിനിമയ്ക്കൊപ്പം പാനീയങ്ങളും പോപ്കോണും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. സാധാരണ അവധിക്കാല അനുഭവങ്ങളില് നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ആഗ്രഹിക്കുന്നവര്ക്ക് ഈ യാത്ര മികച്ചൊരു അനുഭവം ആയിരിക്കും.