ന്യൂഡല്ഹി: ഡല്ഹിയില് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടക്കുന്ന യുവജന പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള സിനിമയിലെ പ്രമുഖര്. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും നടി നസ്റിയയും ഉള്പ്പെടെയുള്ളവര് സമരത്തിന്റെ മുഖങ്ങളിലൊരാളായ വിദ്യാര്ഥി നേതാവ് നേഹ ബോറയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില് കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചു. ടെലിവിഷന് അവതാരക രഞ്ജിനി ഹരിദാസും പ്രതികരിച്ചു.
നേഹ ബോറയുടെ വിഡിയോ റീല് വിനീത് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചു. തന്റെ മകള് വളരേണ്ടത് എങ്ങനെയുള്ള സ്ത്രീയായിട്ടാണെന്ന് വ്യക്തമാക്കുന്ന കുറിപ്പും എഴുതി. നേഹ ബോറയെ പോലെ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, സ്വന്തം മൂല്യം തിരിച്ചറിയുന്ന, മറ്റുള്ളവരുടെ അംഗീകാരത്തിനോ അനുവാദത്തിനോ കാത്തുനില്ക്കാതെ സ്വന്തം നിലപാടുകളില് ഉറച്ചുനില്ക്കുന്ന സ്ത്രീയായി മകള് വളരണമെന്നാണ് ആഗ്രഹമെന്ന് വിനീത് കുറിച്ചു.
ലോകം എതിരായി നില്ക്കുമ്പോഴും സ്വന്തം നിലപാടില് ഉറച്ചുനില്ക്കാന് കഴിയുന്ന സ്ത്രീയാകണം മകളെന്നും വിനീത് പറഞ്ഞു. ജീവിതത്തില് അതിജീവിക്കുക മാത്രമാണ് സ്ത്രീയുടെ ലക്ഷ്യമെന്നോ പങ്കാളിയെ പരിചരിക്കുക മാത്രമാണ് അവളുടെ കടമയെന്നോ പഠിച്ചുവളരാന് താന് ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
നടി നസ്റിയയയും നേഹ ബോറയുടെ ചിത്രം ഇന്സ്റ്റഗ്രാം സ്റ്റോറിയില് പങ്കുവെച്ചു. തിന്മയ്ക്കുമേല് നന്മ വിജയം നേടുന്നതിന്റെ പ്രതീകമായ ദസറയുമായി ഡല്ഹിയിലെ പ്രക്ഷോഭത്തെ ബന്ധിപ്പിക്കുന്നതായിരുന്നു നസ്റിയയുടെ പോസ്റ്റര്.
ടെലിവിഷന് അവതാരക രഞ്ജിനി ഹരിദാസും പ്രക്ഷോഭകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് പോസ്റ്റുകള് പങ്കുവെച്ചു. സമാധാനപരമായി സമരം ചെയ്യുന്നവര്ക്കെതിരായ പൊലീസ് നടപടികളെയും അവര് വിമര്ശിച്ചു.
Related News