തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ മുന്‍കാല സാമ്പത്തിക നഷ്ടം നികത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന പുതിയ സര്‍ചാര്‍ജ് വ്യവസ്ഥകളുമായി കേരളം. ഇന്ധന സര്‍ചാര്‍ജ് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിനൊപ്പം 'റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ്' എന്ന പുതിയ സംവിധാനത്തിനും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അംഗീകാരം നല്‍കി. 2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന കെ.എസ്.ഇ.ആര്‍.സി.യുടെ ബഹുവര്‍ഷ താരിഫ് ചട്ടങ്ങളുടെ ഭാഗമായാണ് മാറ്റങ്ങള്‍. കൂടിയ നിരക്ക് ഈടാക്കുന്ന പീക്ക് സമയത്തിന്റെ പരിധി മാറുന്നതു വഴിയും നിരക്ക് വര്‍ധിക്കും. ഇപ്പോള്‍ പീക്ക് സമയം വൈകിട്ട് ആറ് മുതല്‍ 10 വരെയാണ്. അത് ആറു മുതല്‍ രാത്രി പതിനൊന്നര വരെയാക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ നിരക്ക് കുറക്കും.
നിലവില്‍ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളുമായി ബന്ധപ്പെട്ട ചെലവുകളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഇന്ധന സര്‍ചാര്‍ജ് കണക്കാക്കുന്നത്. പുതിയ വ്യവസ്ഥപ്രകാരം ദീര്‍ഘകാല, ഇടക്കാല, ഹ്രസ്വകാല കരാറുകള്‍ ഉള്‍പ്പെടെ വിതരണ ലൈസന്‍സികള്‍ വിവിധ സ്രോതസ്സുകളില്‍നിന്ന് വാങ്ങുന്ന മൊത്തം വൈദ്യുതിയുടെ ചെലവ് കണക്കിലെടുക്കും. കേരളത്തില്‍ പ്രധാന വിതരണ ലൈസന്‍സിയായ കെ.എസ്.ഇ.ബി.യുടെ വൈദ്യുതി വാങ്ങല്‍ ചെലവിലെ മാറ്റങ്ങള്‍ ഇതുവഴി ബില്ലുകളിലെ സര്‍ചാര്‍ജിനെ കൂടുതല്‍ സ്വാധീനിക്കാം.
വൈദ്യുതി വാങ്ങല്‍ ചെലവിലെ വര്‍ധനയും വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസവും കാരണം വിതരണ കമ്പനികള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമാണ് പുതിയ ചട്ടങ്ങളിലെ പ്രധാന സവിശേഷത. മുന്‍കാലങ്ങളില്‍ ഉണ്ടായ ചില ചെലവുകളും വരുമാനക്കുറവും പിന്നീട് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കുന്ന സംവിധാനമായാണ് 'റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ്' പ്രവര്‍ത്തിക്കുക.
പുതിയ സര്‍ചാര്‍ജ് എത്രയായിരിക്കുമെന്നോ ഓരോ വിഭാഗം ഉപഭോക്താവിന്റെയും ബില്ലില്‍ എത്ര അധിക ബാധ്യതയുണ്ടാകുമെന്നോ ഇപ്പോള്‍ പറയാനാവില്ല. ഇത് ബന്ധപ്പെട്ട ചെലവുകള്‍, റെഗുലേറ്ററി കമ്മിഷന്റെ തീരുമാനങ്ങള്‍, അംഗീകരിക്കുന്ന നിരക്കുകള്‍ എന്നിവയെ ആശ്രയിച്ചിരിക്കും.
പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വൈദ്യുതി ബില്ലിലെ സര്‍ചാര്‍ജ് കണക്കാക്കുന്ന രീതി മാറും. വൈദ്യുതി വാങ്ങല്‍ ചെലവിലെ വ്യതിയാനങ്ങള്‍ ബില്ലുകളില്‍ പ്രതിഫലിക്കുന്ന രീതിയിലും മാറ്റമുണ്ടാകാം.
2027 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ആര്‍.സി. അംഗീകരിക്കുന്ന വിശദമായ വ്യവസ്ഥകളും നിരക്കുകളുമാണ് ഉപഭോക്താക്കളുടെ യഥാര്‍ഥ അധിക ബാധ്യത വ്യക്തമാക്കുക.
Related News