-സ്പീക്കർ മോഡിൽ പാട്ടും വിഡിയോയും കേൾക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും ശല്യമായി കണക്കാക്കും; മുന്നറിയിപ്പിനുശേഷവും ആവർത്തിച്ചാൽ തടവും പിഴയും
ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടോ വിഡിയോയോ കേൾക്കുകയും മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റെയിൽവേ. ഇത്തരം പ്രവൃത്തികൾ ശല്യമായി കണക്കാക്കി റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കുന്നതിനും 1,000 രൂപ പിഴ ചുമത്തുന്നതിനും വ്യവസ്ഥയുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
റെയിൽവേ നിയമത്തിലെ 145(2)(a) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ്. ജനവിശ്വാസ (ഭേദഗതി) നിയമത്തിലൂടെ ഭേദഗതി വരുത്തിയ വ്യവസ്ഥകൾ പ്രകാരം സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ സ്പീക്കർ മോഡിൽ മൊബൈൽ ഉപയോഗിക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും നടപടിക്ക് കാരണമാകാം.
റെയിൽവേ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പിനുശേഷവും ശല്യമുണ്ടാക്കുന്ന പ്രവൃത്തി തുടരുകയാണെങ്കിൽ ആറുമാസം വരെ ലളിതമായ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും റെയിൽവേ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോണിലൂടെ പാട്ടും വിഡിയോകളും സ്പീക്കർ മോഡിൽ കേൾക്കുന്ന ശീലം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി സംബന്ധിച്ച ഓർമപ്പെടുത്തൽ. സഹയാത്രികരുടെ സ്വകാര്യതയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ പെരുമാറണമെന്നാണ് നിർദേശം.
മൊബൈൽ ഫോണിൽ പാട്ടോ വിഡിയോയോ കേൾക്കുന്നത് പൂർണമായി നിരോധിക്കുന്നതല്ല വ്യവസ്ഥയുടെ ലക്ഷ്യം; മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിലുള്ള ഉപയോഗവും പെരുമാറ്റവുമാണ് നടപടിക്ക് കാരണമാകുന്നത്.
Related News