ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നാളെ മുംബൈയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് റൂബിയോയുടെ പ്രതികരണം. റഷ്യന്‍ എണ്ണക്കും വാതകത്തിനുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട യു.എസ് നിലപാട് വിശദീകരിക്കവെയാണ് ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകളിലെ പുരോഗതിയും അദ്ദേഹം സൂചിപ്പിച്ചത്.
റഷ്യന്‍ എ്ക്കും വാതകത്തിനുമേലുള്ള ഉപരോധങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇളവുകള്‍ അനുവദിക്കേണ്ടിവന്നത് ആഗോള ഊര്‍ജവിതരണത്തിലും വിലയിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണെന്ന് റൂബിയോ പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇളവുകള്‍ അനുവദിക്കുമ്പോള്‍ വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചില രാജ്യങ്ങള്‍ക്ക് ബദല്‍ സ്രോതസ്സുകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുക പ്രയാസമാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ഊര്‍ജലഭ്യതയും ഓരോ രാജ്യത്തിന്റെയും തീരുമാനങ്ങളെ സ്വാധീനിക്കും. ഇതൊരു ന്യായീകരണമല്ലെങ്കിലും വിദേശനയ തീരുമാനങ്ങളില്‍ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യു.എസ് വ്യാപാരക്കരാറിന്റെ നിയമപരമായ കരട് തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഒക്ടോബര്‍ 15ന് വ്യക്തമാക്കിയിരുന്നു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കരാര്‍ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിലാണ് ഇരുരാജ്യങ്ങളും ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചത്. എന്നാല്‍ ദീര്‍ഘിച്ച ചര്‍ച്ചകള്‍ കാരണം കരാര്‍ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ആഗോള സാഹചര്യങ്ങളിലെ മാറ്റങ്ങളും കരാര്‍ അന്തിമമാക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ഗോയല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ജയശങ്കറും റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരത്തിനും നിക്ഷേപത്തിനും പുറമേ ഊര്‍ജം, പ്രതിരോധം, നിര്‍ണായകവും വളര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
Related News