റിയാദ്- ഒട്ടക മൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഔഷധത്തിന് കാന്‍സര്‍ ചികിത്സയ്ക്കായി അംഗീകാരം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിഷേധിച്ചു. കാന്‍സറിന്റെ സങ്കീര്‍ണ്ണമായ ഘട്ടങ്ങളെ വരെ സുഖപ്പെടുത്താന്‍ ഇതിന് സാധിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
അതോറിറ്റിയുടെ 'വ്യാജവാര്‍ത്തകളും വസ്തുതകളും' വിഭാഗത്തിലൂടെ നല്‍കിയ വിശദീകരണത്തിലാണ് അധികൃതര്‍ ഈ കാര്യം അറിയിച്ചത്. പ്രചാരണത്തില്‍ പറയുന്ന പ്രൊഡക്ട് ഒരു ഫുഡ് സപ്ലിമെന്റ് വിഭാഗത്തില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും മിനറലുകളും അടങ്ങിയ ഒരു പോഷകാഹാര സംയോജനം മാത്രമാണിതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് മാത്രമാണ് ഈ ഉല്‍പ്പന്നം ഉപയോഗിക്കേണ്ടതെന്നും, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കുമെന്ന രീതിയിലുള്ള യാതൊരു അവകാശവാദങ്ങളും ഇതിനില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ തെറ്റായ പ്രചാരണങ്ങളില്‍ വീഴാതെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Related News