സന്‍ആ- ഹൂത്തി മിലിഷ്യയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിന് യു.എന്‍ രക്ഷാസമിതി വഴി അന്താരാഷ്ട്ര നീക്കം ശക്തമാക്കണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. റഷാദ് അല്‍-അലിമി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഹൂത്തികള്‍ക്കുള്ള ആയുധ ഉപരോധം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക-ആയുധ സ്രോതസ്സുകള്‍ അടയ്ക്കാനും അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അദ്ദേഹം ആഹ്വാനം ചെയ്തു.
യു.എന്‍ സെക്രട്ടറി ജനറലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അല്‍-അലിമി യമനിലെ നിലവിലെ സ്ഥിതിഗതികള്‍ വിവരിച്ചത്. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഹൂത്തികള്‍ നടത്തുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ചും, തായിസ് നഗരത്തിലെ ഉപരോധത്തെക്കുറിച്ചും അദ്ദേഹം ഗുട്ടെറസിനെ ധരിപ്പിച്ചു. തായിസില്‍ ഹൂത്തികള്‍ നടത്തുന്ന ഷെല്ലാക്രമണങ്ങളില്‍ കുട്ടികളടക്കം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സമാധാന ശ്രമങ്ങളോടും കരാറുകളോടും യമന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെന്നും, എന്നാല്‍ ഹൂത്തികള്‍ ഈ അവസരങ്ങള്‍ സൈനികശേഷി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ലംഘനങ്ങള്‍ നടത്താനുമാണ് ഉപയോഗിച്ചതെന്നും അല്‍-അലിമി ചൂണ്ടിക്കാട്ടി. എഴുപതിലധികം യു.എന്‍ ജീവനക്കാരെ തടങ്കലില്‍ വെക്കുകയും ആയിരക്കണക്കിന് പൗരന്മാരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവം അദ്ദേഹം എടുത്തുപറഞ്ഞു. വെറും അപലപനങ്ങള്‍ക്കപ്പുറം അന്താരാഷ്ട്ര പ്രമേയങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാനും തായിസിലെ ഉപരോധം അവസാനിപ്പിച്ച് ഭക്ഷണവും മരുന്നും എത്തിക്കാന്‍ വഴികള്‍ തുറക്കാനും അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യമന് അകത്തും അതിര്‍ത്തികള്‍ക്ക് പുറത്തും ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. യു.എന്‍ ജീവനക്കാരുടെ തടങ്കലും അന്താരാഷ്ട്ര നിയമലംഘനങ്ങളും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഗുട്ടെറസ്, ഇത്തരം ഭീഷണികളെ ചെറുക്കുന്നതില്‍ യമന്‍ സര്‍ക്കാറിനും സൗദി അറേബ്യയ്ക്കും യു.എന്നിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
Related News