l o a d i n g

കായികം

റായോ വല്ലെക്കാനൊ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ക്ലബ്ബ്

മുനീര്‍ വാളക്കുട

Thumbnail
Publisher By     BY - DESK
August 12, 2025

ഫുട്‌ബോള്‍ എന്നാല്‍ ചിലപ്പോഴൊക്കെ ഒരു കായിക മത്സരം മാത്രമല്ല, രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകളുടെ ഒരു വേദി കൂടിയാണ്. ചില യൂറോപ്യന്‍ ക്ലബ്ബുകളുടെ ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയവും സാംസ്‌കാരികപരവും വംശീയവുമായ അടിവേരുകള്‍ നമുക്ക് കാണാന്‍ സാധിക്കും. എല്ലാ കാലവും അറബ് - മുസ്ലിം വിരുദ്ധത മുറുകെ പിടിക്കുന്ന ഇസ്രായേല്‍ ക്ലബ്ബായ ബെയ്റ്റാര്‍ ജെറുസലേമും, കാറ്റലോണിയന്‍ ദേശീയതക്കായി മുറവിളി കൂട്ടുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആരാധകരും, തീവ്രവലതുപക്ഷ, ഫാസിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്ന ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയുമൊക്കെ അക്കൂട്ടത്തില്‍ പെടുന്ന മുന്‍നിരക്കാരാണ്. എന്നാല്‍ സാധാരണക്കാരെയും തൊഴിലാളി വര്‍ഗ്ഗത്തെയും പിന്തുണക്കുന്ന സ്പാനിഷ് ക്ലബ്ബായ റായോ വല്ലെക്കാനൊ ഡി മാഡ്രിഡിന്റെ കഥ മറ്റൊന്നാണ്.

സ്‌പെയിനിന്റെ തലസ്ഥാന നഗരമായ മാഡ്രിഡില്‍ നിന്ന് തന്നെയാണ് റായോ വല്ലെക്കാനൊയും വരുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കേളിയും പെരുമയും ഏറെയുള്ള റയല്‍ മാഡ്രിഡിന്റെയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും നിഴലില്‍ ഒതുങ്ങേണ്ടിവന്ന ഒരു ക്ലബ്ബാണ് റായോ വല്ലെക്കാനെ. ഒപ്പം ആ രണ്ട് ക്ലബ്ബുകള്‍ക്കുള്ള ചരിത്രവും പാരമ്പര്യവുമൊന്നും ഈ ക്ലബ്ബിനില്ല. റയലിന്റെയും അത്‌ലറ്റിക്കോയുടെയും ആരാധകരില്‍ ഏറിയപങ്കും സമ്പന്നരും മധ്യവര്‍ഗ്ഗക്കാരുമാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ സമ്പത്തിലും ലോകോത്തര താരങ്ങളെ അണിനിരത്തുന്നതിലും ഇരു ക്ലബ്ബുകളുടെയും അടുത്തെത്താന്‍ ഒരിക്കലും റായോ വല്ലെക്കാനൊക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ആ ക്ലബ്ബിനും അതിന്റെ ആരാധക കൂട്ടായ്മയായ ലോസ് ബുക്കാനറോസിനും അതില്‍ ഒട്ടും സങ്കടമില്ല.

ബുക്കാനറോസ് ഇടതുപക്ഷ രാഷ്ട്രീയ സ്വഭാവമുള്ള ഒരു ആരാധകകൂട്ടായ്മയാണ്. വലതുപക്ഷ സ്വാധീനമുള്ള കടന്നു കയറ്റങ്ങളെ പ്രതിരോധിക്കലാണ് തങ്ങളുടെ ദൗത്യമെന്നും അവര്‍ കരുതുന്നു. അവരുടെ ആ സ്വത്വവും ഇടതുരാഷ്ട്രീയ നയങ്ങളും ലാ ലീഗയില്‍ പലപ്പോഴും മുറുമുറുപ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ആരാധക കൂട്ടായ്മയിലുള്ള ബഹുഭൂരിപക്ഷം പേരും, മാഡ്രിഡിന്റെ തെക്ക് - കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വില്ല ഡി വല്ലേക്കാസ് എന്ന പ്രദേശത്ത് നിന്നുള്ളവരാണ്. ഇവരുടെ മുന്‍ തലമുറകള്‍ ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നുമൊക്കെ കുടിയേറി വന്നവരാണ്. അതുകൊണ്ടുതന്നെ ലോസ് ബുക്കാനറോസിലെ ബഹുഭൂരിപക്ഷം പേരും സാധാരണക്കാരും തൊഴിലാളികളുമാണ്. റായോ വല്ലെക്കാനോയുടെ ഹോംഗ്രൗണ്ടായ എല്‍ കാംപോഡി വല്ലേക്കാസ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍, അവര്‍ ലോകത്തുള്ള ബലഹീനരായ മനുഷ്യര്‍ക്കായി നിലകൊള്ളാറുണ്ട്. ഗസ്സക്കുമേല്‍ ഇസ്രായേല്‍ തീ ചൊരിയുമ്പോള്‍ എല്‍ കാംപോഡി വല്ലേക്കാസില്‍ അവര്‍ ഫലസ്തീനിലെ നിരാലംബരായ മനുഷ്യരോടൊപ്പം ഐക്യപ്പെടും. ഒപ്പം ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ മനുഷ്യക്കശാപ്പിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തും.

ക്ലബ്ബ് പ്രസിഡന്റും ഉടമയുമായ റൗള്‍ മാര്‍ട്ടിന്‍ പ്രെസയുമായി ഈ ആരാധകകൂട്ടായ്മക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത്. ഒരിക്കല്‍ സ്‌പെയിനിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ വോക്‌സിന്റെ നേതാക്കളായ സാന്റിയാഗോ അബാസ്‌കല്‍, റോസിയോ മൊണാസ്റ്ററിയോ എന്നിവരെ റായോ വല്ലെക്കാനോയുടെ ഒരു മത്സരം കാണാനായി റൗള്‍ മാര്‍ട്ടിന്‍ പ്രെസ എല്‍ കാംപോഡി വല്ലേക്കാസിന്റെ വി ഐ പി ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചു. അതിനെതിരെ ലോസ് ബുക്കാനറോസ് ഹാസ്മറ്റ് സ്യൂട്ടുകള്‍ ധരിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ത്തി ഇങ്ങനെ ചാന്റ് ചെയ്തു. ' ഫാസിസ്റ്റുകള്‍ നമ്മുടെ ഇടങ്ങളില്‍ നിന്ന് പുറത്തു കടക്കുക'.

പിന്നീട് 2017 ജനുവരിയില്‍ റായോ വല്ലെക്കാനോ മറ്റൊരു സ്പാനിഷ് ക്ലബ്ബായ റയല്‍ ബെറ്റിസില്‍ നിന്ന്, ഉക്രൈന്‍ ദേശീയ താരമായ റോമന്‍ സോസുല്യയുമായി ലോണ്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. അതിനെതിരെ ലോസ് ബുക്കാനറോസ് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. അദ്ദേഹത്തിന് ഉക്രൈനിലെ നവ -നാസി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആരാധകരുടെ പ്രതിഷേധം.

'വല്ലേക്കാസ് നാസികള്‍ക്ക് പറ്റിയ സ്ഥലമല്ല ' എന്നെഴുതിയ ബാനറുകളുമായി സോസുല്യ പങ്കെടുത്ത ക്ലബ്ബിന്റെ പരിശീലന മൈതാനങ്ങളില്‍ വരെ ആരാധകര്‍ പ്രതിഷേധങ്ങള്‍ അറിയിച്ചു. അത്തരം ബന്ധങ്ങള്‍ തനിക്കില്ലെന്ന് റോമന്‍ സോസുല്യ നിഷേധിച്ചിട്ടും ആരാധകര്‍ വഴങ്ങിയില്ല. ഫാസിസത്തെയും വംശീയതയെയും പിന്തുണക്കുന്ന ആരും തങ്ങളുടെ ടീമില്‍ വേണ്ട എന്നായിരുന്നു ആരാധകരുടെ നിലപാട്. റൗള്‍ മാര്‍ട്ടിന്‍ പ്രസക്കെതിരെ ലോസ് ബുക്കാനറോസ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. ക്ലബ്ബിനെയും ഫുട്‌ബോളിനെയും അദ്ദേഹം വാണിജ്യ വസ്തുവാക്കുന്നുവെന്നും, വലതുപക്ഷ ചേരിയോടൊപ്പം നില്‍ക്കുന്നുവെന്നുമൊക്കെയാണ് പ്രസക്കെതിരെയുള്ള പ്രധാന വിമര്‍ശനങ്ങള്‍. അദ്ദേഹത്തിന്റെ രാജിക്കായി അവര്‍ പലപ്പോഴും മുറവിളി കൂട്ടാറുണ്ട്. ഇടതുപക്ഷ സ്വഭാവമുള്ള ഈ ആരാധക കൂട്ടത്തിന്റെ സ്വത്വം സാമൂഹികനീതിയില്‍ വേരൂന്നിയതാണ്. അതുകൊണ്ടുതന്നെ ഒരു കായിക സ്ഥാപനത്തെ രാഷ്ട്രീയ സാംസ്‌കാരിക ചിഹ്നമാക്കി മാറ്റുന്നു എന്ന ആരോപണവും ഇവര്‍ നേരിടുന്നുണ്ട്. സമ്പത്തും പ്രശസ്തിയുമാണ് ആധുനിക ഫുട്‌ബോളിന്റെ അടിത്തറ. അതിനെ പ്രതിരോധിക്കാന്‍ ഈ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയുമോ എന്ന് കാലം തീരുമാനിക്കട്ടെ.

-മുനീര്‍ വാളക്കുട

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026