ജിദ്ദ: മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ജ്വലിച്ചുനിന്ന കരുത്തനായ നേതാവും ആദര്‍ശശുദ്ധിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പന്നിയൂരിന്റെ മണ്ണില്‍ സ്‌നേഹത്തിന്റെ വിത്തുകള്‍ പാകിയ വ്യക്തിത്വവുമായ മര്‍ഹൂം ടി.പി. മമ്മു സാഹിബിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ജിദ്ദ തളിപ്പറമ്പ് മണ്ഡലം കെ.എം.സി.സി ആദരമര്‍പ്പിച്ചു. തലമുറകള്‍ക്ക് ആവേശമായ അദ്ദേഹത്തിന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന 'ടി.പി. മമ്മു: നടന്നുനീങ്ങിയ വഴികള്‍' എന്ന സ്മരണിക ചടങ്ങില്‍ പ്രവാസികള്‍ക്കായി പരിചയപ്പെടുത്തി.
ജിദ്ദ മുശ് രിഫയിലെ സീസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച 'യു.ഡി.എഫ് വിജയാരവം' വേദിയിലായിരുന്നു ചടങ്ങ്. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാവ് റസാഖ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പന്നിയൂര്‍, ജനറല്‍ സെക്രട്ടറി യൂനസ് പാമ്പുരുത്തി എന്നിവര്‍ ചേര്‍ന്ന് കൂത്തുപറമ്പ് മണ്ഡലം ഒ.ഐ.സി.സി പ്രസിഡന്റ് നവാസ് നിടൂരിന് പുസ്തകം കൈമാറി.
കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സകരിയ ആറളം, ഒ.ഐ.സി.സി നേതാവ് രാധാകൃഷ്ണന്‍ കാവുമ്പായി, കണ്ണൂര്‍ ജില്ലാ കെ.എം.സി.സി സീനിയര്‍ നേതാവ് ശംസുദ്ദീന്‍ പായേത്ത് എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഒ.ഐ.സി.സി നേതാക്കളായ റഫീഖ് മൂസ, പ്രവീണ്‍ എടക്കാട്, അനില്‍ ചക്കരക്കല്‍, കണ്ണൂര്‍ ജില്ലാ കെ.എം.സി.സി നേതാവ് മുനീര്‍ കമ്പില്‍, തളിപ്പറമ്പ് മണ്ഡലം നേതാക്കളായ ശരീഫ് പൊകുണ്ട്, അബ്ദുള്ള പി.സി.എം, അബ്ദുള്ള പാമ്പുരുത്തി, ഇജാസ് ഇബ്രാഹിം, അലി തളിപ്പറമ്പ് തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ടി.പി. മമ്മു സാഹിബിന്റെ ഓര്‍മ്മകള്‍ വരുംതലമുറയ്ക്കും എന്നും വഴികാട്ടിയായിരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
Related News