കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികള്‍ അടക്കം അമ്പതോളം യാത്രക്കാരെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സര്‍വീസിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന്, അത് കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.
വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോള്‍ ബോട്ടും സംഘവും ചേര്‍ന്ന് പിന്തുടര്‍ന്ന് വടംകൊണ്ട് ബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.
കെ.എസ്.ഐ.എന്‍.സി.യുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട റോ റോ സര്‍വീസ്. സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും അമ്പതോളം യാത്രക്കാരും റോ റോയില്‍ ഉണ്ടായിരുന്നു.
ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണു സി.കെ., ബോട്ട് സ്രാങ്ക് അജയന്‍, ഡ്രൈവര്‍ ഷാജി, സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെല്ലന്‍, ഉദയന്‍, വിനു, ജിപ്സണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Related News