കോഴിക്കോട്: ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ താമസിച്ച് വിവിധ സ്‌കൂളുകളില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' 2026 ആഗസ്റ്റ് 8-ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ ക്യാമ്പസില്‍ നടക്കും. 1960 മുതല്‍ 2025 വരെ ഇസ്ലാഹിയ ഹോസ്റ്റലില്‍ താമസിച്ച് യു.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പഠിച്ച മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സംഗമം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തിരുവമ്പാടി എം.എല്‍.എ. സി.കെ. കാസിം മുഖ്യാതിഥിയായിരിക്കും. ഇസ്ലാഹിയ അസോസിയേഷന്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനും മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹ്‌മാന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി, ജമാഅത്തെ ഇസ്ലാമി കൂടിയാലോചനാ സമിതി അംഗം പി.വി. റഹ്‌മാബി ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ആറര പതിറ്റാണ്ടിലേറെ നീണ്ട ഇസ്ലാഹിയ ഹോസ്റ്റലിന്റെ വിദ്യാഭ്യാസ പാരമ്പര്യം ആഘോഷിക്കുന്ന ഈ സംഗമം, വിവിധ തലമുറകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരുമിക്കാനും അധ്യാപകരുമായും സഹപാഠികളുമായും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള അപൂര്‍വ്വ അവസരമാകും. 1960 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
സഹപാഠികളെയും അധ്യാപകരെയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടുന്ന ഈ സംഗമം എല്ലാവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
Related News