ലണ്ടന്‍ -ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0ന് നഷ്ടപ്പെട്ടതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണി. എഡ്ജ്ബാസ്റ്റണില്‍ സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് നാട്ടിലേക്ക് തിരിച്ചയക്കുകയും അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഹെഡ് കോച്ച് സഫ്രാസ് അഹമ്മദിനെയും ബൗളിങ് കോച്ച് ഉമര്‍ ഗുലിനെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കി. ഏപ്രിലില്‍ മാത്രമാണ് ഇരുവരും ടെസ്റ്റ് ടീമിന്റെ പരിശീലകസംഘത്തില്‍ ചുമതലയേറ്റത്. പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയതിനാല്‍ മൂന്നാം ടെസ്റ്റ് ഫലത്തില്‍ മാറ്റമുണ്ടാക്കില്ലെങ്കിലും, പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി.
വെറും അഞ്ച് ടെസ്റ്റുകളാണ് ഇപ്പോഴത്തെ കോച്ചിംഗ് സംഘത്തിനു കീഴില്‍ പാക്കിസ്താന്‍ കളിച്ചത്.
വൈറ്റ്‌ബോള്‍ ടീമിന്റെ ഹെഡ് കോച്ച് മൈക്ക് ഹെസണും ബൗളിങ് കോച്ച് ആഷ്‌ലി നോഫ്‌കെയും ഇനി ടെസ്റ്റ് ടീമിന്റെ പരിശീലകസംഘത്തിലും പ്രവര്‍ത്തിക്കും.
മുഹമ്മദ് റിസ്‌വാന്‍, ഇമാമുല്‍ഹഖ്, സല്‍മാന്‍ അലി ആഘ, അലി ഉസ്മാന്‍, ആമിര്‍ ജമാല്‍, ഉവൈസ് സഫര്‍, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്.
ഇവരില്‍ അലി ഉസ്മാന്റെ ഒഴിവാക്കലാണ് കൂടുതല്‍ ചര്‍ച്ചയായത്. ഹെഡിങ്‌ലിയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അലി 1972ന് ശേഷം ഹെഡിംഗ്‌ലിയില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ വിദേശ സ്പിന്നറായിരുന്നു. എന്നിട്ടും അടുത്ത ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
അറഫാത്ത് മിന്‍ഹാസ്, മുഹമ്മദ് ഇമ്രാന്‍ ജൂനിയര്‍, സാദ് ബൈഗ്, മുഹമ്മദ് ഇമ്രാന്‍ റന്ധാവ, റസാഉല്ല എന്നിവരാണ് പുതുതായി ടീമിലെത്തിയ അഞ്ച് താരങ്ങള്‍. ഇതില്‍ മിന്‍ഹാസ് മാത്രമാണ് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ളത്. സാദ് ബൈഗ് കഴിഞ്ഞ ഖ്വായിദെ അസം ട്രോഫിയിലെ മികച്ച റണ്‍സ്‌കോററായിരുന്നു.
മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി ടീമിലെ മാറ്റങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരം കളിക്കാനായി ടി20 പശ്ചാത്തലമുള്ള താരങ്ങളെ ഉള്‍പ്പെടുത്തുന്നതിന്റെ യുക്തി ചോദ്യം ചെയ്ത അദ്ദേഹം, അഞ്ച് ടെസ്റ്റുകള്‍ക്ക് ശേഷം പരിശീലകനെ പുറത്താക്കിയതും ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്ന് പ്രതികരിച്ചു.
കഴിഞ്ഞ 20 ടെസ്റ്റുകളില്‍ 15 എണ്ണത്തിലും തോറ്റ പാകിസ്താന്‍ ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയുടെ ഏറ്റവും താഴെയാണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അവസാന സ്ഥാനത്തായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലാണ് നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇത്രയും താരങ്ങളെയും പരിശീലകരെയും മാറ്റിയ നടപടി ടീമിന്റെ ഭാവി തന്ത്രത്തെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
Related News