ന്യൂഡല്‍ഹി: ജൂലൈ 20 മുതല്‍ 25 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയ 2,873 പേര്‍ക്കെതിരായ ദല്‍ഹി പോലീസിന്റെ ഒരു എഫ്.ഐ.ആര്‍ മാത്രം തുടരുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഉത്തരവിറക്കിയത്. ദല്‍ഹി പൊലീസ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, അസം സര്‍ക്കാരുകള്‍ സമര്‍പ്പിച്ച അപേക്ഷകളിലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കിയ കോടതി, ഇതേ ഉത്തരവ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാകുമെന്നും വ്യക്തമാക്കി. ജൂലൈ 2026 കാലയളവിലെ സമരങ്ങളുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.
അതേസമയം, ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട 2,873 പേര്‍ക്കെതിരായ അന്വേഷണം തുടരും. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പശ്ചാത്തലമുള്ളവരാണിവരെന്ന് ദല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും അതനുസരിച്ച് അപേക്ഷ നല്‍കിയതായി കോടതിയെ അറിയിച്ചു. 'ഞങ്ങള്‍ ശത്രുക്കളല്ല' എന്നായിരുന്നു ഇരു വിഭാഗങ്ങളും വിശ്വാസത്തോടെ മുന്നോട്ട് പോകണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍ മേത്തയുടെ പ്രതികരണം.
കോടതി ഉത്തരവിനും കേന്ദ്രത്തിന്റെ ഉറപ്പിനും പിന്നാലെ കോക്രോച്ച് ജനത പാര്‍ട്ടി സെപ്റ്റംബര്‍ 5ന് ദല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചു. കേന്ദ്രത്തിന്റെ ഉറപ്പിന് കോടതി നിയമസാധുത നല്‍കിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് പാര്‍ട്ടി അറിയിച്ചു.
നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനവും കേന്ദ്രം ആവര്‍ത്തിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതി വ്യക്തമാക്കിയതുപോലെ, ഈ ഉത്തരവ് ഈ കേസിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചുള്ളതാണെന്നും ഭാവിയിലെ കേസുകളില്‍ ഇത് മാതൃകയായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി.
Related News