ബാള്‍ട്ടിമോര്‍: വിമാനത്തില്‍ മോശമായി പെരുമാറുകയും ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് ഡാളസില്‍ നിന്ന് ന്യൂആര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ബാള്‍ട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു. എ ബി സി ന്യൂസാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ആര്‍തര്‍ ലന്‍ഡീന്‍ (67) എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. യാത്രയുടെ അവസാന ഘട്ടത്തിലാണ് വിമാനത്തില്‍ ഇയാള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതെന്ന് മുന്‍ ക്രമസമാധാന പാലന ഉദ്യോഗസ്ഥന്‍ കൂടിയായ യാത്രക്കാരന്‍ ഹുവാന്‍ മെഹിയ പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരുന്നതായി സഹയാത്രക്കാര്‍ വ്യക്തമാക്കി.
ശാന്തനാകാന്‍ ആവശ്യപ്പെട്ട എയര്‍ഹോസ്റ്റസിനു നേരെ ഇയാള്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തുകയും അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ശാരീരികമായി അക്രമത്തിന് മുതിര്‍ന്നതോടെ മെഹിയയും സുഹൃത്തും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു.
പിന്നീട് ബാള്‍ട്ടിമോറിലിറക്കിയ വിമാനത്തിനുള്ളില്‍ വെച്ച് മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി പോലീസിന്റെ സഹായത്തോടെ ഡക്ട് ടേപ്പ് ഉപയോഗിച്ച് ഇയാളെ സീറ്റോട് ചേര്‍ത്ത് കെട്ടിയിടുകയും സിപ്പ് ടൈ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയുമായിരുന്നു.
Related News