തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് (കെ.എസ്.ആര്‍.ടി.സി) പുതിയ ബസ് വാങ്ങാന്‍ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലി മൂക്കന്നൂര്‍ സ്വദേശി ജോസ്. കെ.എസ്.ആര്‍.ടി.സി ചരിത്രത്തില്‍ ഒരു വ്യക്തി ബസ് വാങ്ങുന്നതിനായി ഇത്രയും തുക സംഭാവന നല്‍കുന്നത് ആദ്യമായാണെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി വി.ഡി. സതീശന് ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പൊതുഗതാഗത മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭാവന നല്‍കിയതെന്നാണ് ജോസേട്ടന്‍ പറയുന്നത്. ഈ മാതൃക വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുടരാവുന്നതാണൈന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി സി.പി ജോണിന് കൈമാറി.
മന്ത്രി റോജി എ ജോണിന്റെ മണ്ഡലത്തില്‍ ഹീമാന്‍ ഓട്ടോ റോബോ പാര്‍ക്ക് എന്ന സ്ഥാപനം നടത്തുകയാണ് ജോസ്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം തീരുമാനമെടുത്തതും മന്ത്രി റോജി ജോണിനെ അറിയിച്ചതും. അങ്കമാലി ഡിപ്പോയില്‍ ബസ് സര്‍വീസ് നടത്തണമെന്നാണ് ജോസിന്റെ ആഗ്രഹം. കാലിക്കറ്റ് സിറ്റി കോഓപറേറ്റിവ് ബാങ്ക് ഒരു ബസ് വാങ്ങാനുള്ള തുക സംഭാവന ചെയ്തിട്ടുണ്ടെന്നും മന്ത്രി സി.പി ജോണ്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധികളും പ്രവര്‍ത്തനച്ചെലവുകളും നേരിടുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തിയില്‍നിന്നുള്ള ഈ സംഭാവന ശ്രദ്ധേയമാകുന്നത്. പുതിയ ബസ് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് ശൃംഖല ശക്തിപ്പെടുത്താന്‍ ഉപയോഗിക്കും.
'ജോസേട്ടന്‍' എന്ന പേരില്‍ അറിയപ്പെടുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശിയുടെ ഈ ഇടപെടല്‍ കെ.എസ്.ആര്‍.ടി.സിയോടുള്ള പൊതുസമൂഹത്തിന്റെ പിന്തുണയുടെ വേറിട്ട ഉദാഹരണമായി മാറുകയാണ്.
Related News