തിരുവനന്തപുരം: കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡ് (കിഫ്ബി) സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കഴിഞ്ഞ എല്.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്ക്ക് ധനസമാഹരണം നടത്താനാണ് കിഫ്ബിക്ക് രൂപം കൊടുത്തത്. കിഫ്ബിയുടെ പണമിടപാട് വിലയിരുത്താന് മുന് ആസൂത്രണ കമ്മിഷന് അംഗം കൂടിയായിരുന്ന സുധ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോര്ട്ട് നിയമസഭയില് വെച്ചതിനു പിന്നാലെ നടത്തിയ വാര്ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണം.
കിഫ്ബിയുടെ പ്രവര്ത്തനങ്ങളില് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും വലിയ സാമ്പത്തിക ബാധ്യതകളും ഉണ്ടായതായി റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നുവെന്ന് സതീശന് പറഞ്ഞു. റിപ്പോര്ട്ട് വിശദമായി പരിശോധിച്ചശേഷം അന്വേഷണം ഉള്പ്പെടെയുള്ള തുടര്നടപടികള് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണവിധേയരെ മുന്കൂട്ടി തീരുമാനിച്ചല്ല നടപടിയിലേക്ക് നീങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സര്ക്കാര് നേരിട്ട് നടപ്പാക്കിയിരുന്നെങ്കില് ചെലവാകുമായിരുന്നതിനെക്കാള് 13,103 കോടി രൂപ അധികമായി കിഫ്ബി പദ്ധതികള്ക്കായി ചെലവിട്ടെന്നാണ് സമിതിയുടെ കണക്കുകൂട്ടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ വായ്പകള് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള ശേഷിയെയും ബാധിച്ചുവെന്നും വായ്പാ പരിധിയില് 25,932.55 കോടി രൂപയുടെ കുറവുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
സര്ക്കാര് കൈമാറിയ ഫണ്ടിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് സതീശന് പറഞ്ഞു. വിപണിയില്നിന്ന് സര്ക്കാര് നേരിട്ട് വായ്പയെടുക്കുന്നതിനെ അപേക്ഷിച്ച് കിഫ്ബിയുടെ ഉയര്ന്ന വായ്പാ ചെലവ് പ്രതിവര്ഷം 396 കോടി രൂപയുടെ അധിക പലിശബാധ്യതയുണ്ടാക്കിയെന്നും ഇതുമായി ബന്ധപ്പെട്ട അധിക ചെലവ് 1,250 കോടി രൂപയാണെന്നും അദ്ദേഹം വിശദീകരിച്ചു. മസാല ബോണ്ടുകളുമായി ബന്ധപ്പെട്ട നഷ്ടം 181.73 കോടി രൂപയായാണ് കണക്കാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പിനെ മറികടന്ന് പ്രധാന തീരുമാനങ്ങള് കിഫ്ബി കൈക്കൊണ്ടതായും ബിസിനസ് ചട്ടങ്ങള് ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. 2023 ജൂണ് ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ധനകാര്യ വകുപ്പിന്റെ എതിര്പ്പ് മറികടന്ന് കിഫ്ബി വായ്പകള്ക്ക് സര്ക്കാര് ഗ്യാരന്റി നല്കാന് തീരുമാനിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കലിലും ക്രമക്കേടുകള് ഉണ്ടായതായി മുഖ്യമന്ത്രി ആരോപിച്ചു. 5,366 ഏക്കര് ഭൂമി ഏറ്റെടുക്കാന് 27,727 കോടി രൂപയുടെ ചെലവില് കിഫ്ബി അനുമതി നല്കിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കണ്ണൂരില് ഏറ്റെടുത്ത ഏകദേശം 1,000 ഏക്കറില് 50 ഏക്കറോളം മാത്രമാണ് വ്യവസായ പാര്ക്കിനും മറ്റ് ആവശ്യങ്ങള്ക്കുമായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികളുടെ വിതരണത്തിലും പ്രാദേശിക അസന്തുലിതാവസ്ഥയുണ്ടെന്നാണ് റിപ്പോര്ട്ടിലെ മറ്റൊരു കണ്ടെത്തലായി മുഖ്യമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളില് മൂന്നിടങ്ങളിലായി 41.6 ശതമാനം പദ്ധതികള് കേന്ദ്രീകരിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
കിഫ്ബിയെ ഒരു 'പ്രത്യേക സാമ്രാജ്യം' എന്നാണ് സതീശന് വിശേഷിപ്പിച്ചത്. അതേസമയം, സര്ക്കാര് ഗ്യാരന്റിയോടെയാണ് ബാധ്യതകള് ഉണ്ടായതെന്നതിനാല് കിഫ്ബി പദ്ധതികള് പെട്ടെന്ന് നിര്ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ പരസ്യച്ചെലവുകളുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റില് ക്രമക്കേടുകള് കണ്ടെത്തിയതായും തിരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് ചെലവഴിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
Related News