ന്യൂഡല്ഹി: കോക്ക്റോച്ച് ജനതാ പാര്ട്ടി (സി.ജെ.പി) സ്ഥാപകന് അഭിജീത് ദിപ്കെയെ തിരംഗ മാര്ച്ച് നടത്തുന്നതില്നിന്ന് വിലക്കി ഡല്ഹി പൊലീസ് നോട്ടീസ് നല്കി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കനാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് നടത്താന് നിശ്ചയിച്ചിരുന്ന 'ലഹ്റാ ദോ തിരംഗ' മാര്ച്ചിന് മണിക്കൂറുകള്ക്ക് മുമ്പാണ് നടപടി.
തിരഞ്ഞെടുപ്പ് ക്രമക്കേടുകള് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാര് രാജിവെക്കണമെന്നാവശ്യപ്പെട്ടും അറസ്റ്റിലായ പാര്ട്ടി പ്രവര്ത്തകരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുമാണ് മാര്ച്ച് പ്രഖ്യാപിച്ചത്.
കനാട്ട് പ്ലേസിലും സമീപപ്രദേശങ്ങളിലും നിരോധന ഉത്തരവുകള് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ന്യൂഡല്ഹി മുനിസിപ്പല് കൗണ്സിലും (എന്.ഡി.എം.സി) സെന്ട്രല് പാര്ക്ക് വെള്ളി, ശനി ദിവസങ്ങളില് അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിപ്കെയുടെ വസതിയിലെത്തി 20ലേറെ പൊലീസുകാര് നോട്ടീസ് കൈമാറി്. മാര്ച്ചില് പങ്കെടുക്കുമെന്ന നിലപാടിലാണ് ചില പ്രതിപക്ഷ നേതാക്കള്. എന്.സി.പി (ശരദ് പവാര് വിഭാഗം) വക്താവ് അനീഷ് ഗാവാണ്ടെ, നോട്ടീസ് പരിശോധിച്ചശേഷം തുടര്നടപടി തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും തിരംഗ യാത്രയില് പങ്കെടുക്കുമെന്നും വ്യക്തമാക്കി.
ആം ആദ്മി പാര്ട്ടി വെള്ളിയാഴ്ച രാഷ്ട്രപതി ഭവന് സമീപമുള്ള നോര്ത്ത് അവന്യൂവില് തിരംഗ മാര്ച്ച് നടത്തി. ദേശീയ പതാക ഉയര്ത്തുന്ന കാര്യത്തില് എവിടെ പതാക ഉയര്ത്തണമെന്ന് സര്ക്കാരിനും പൊലീസിനും പൗരന്മാരോട് നിര്ദേശിക്കാനാവില്ലെന്ന് ഡല്ഹി എ.എ.പി അധ്യക്ഷന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
സി.ജെ.പിയുടെ മാര്ച്ച് തടയാന് ഡല്ഹി ഹൈക്കോടതി വിസമ്മതിച്ചു. നിരോധന ഉത്തരവുകളെക്കുറിച്ച് വിശദീകരണം നല്കാനും സി.സി.ടി.വി ദൃശ്യങ്ങള് സംരക്ഷിക്കാനും കേന്ദ്രത്തോടും പൊലീസിനോടും സുപ്രീംകോടതി നിര്ദേശിച്ചു.
Related News