പെരുവള്ളൂര്: പ്രമുഖ സാമൂഹിക പ്രവര്ത്തകനും പെരുവള്ളൂര് സ്വദേശിയുമായ ചെമ്പന് മൊയ്തീന്കുട്ടി ഹാജിക്ക് (ചെറിയാപ്പു ഹാജി) ഈ വര്ഷത്തെ ഇന്ദിരാജി കര്മ്മശ്രേഷ്ഠ പുരസ്കാരം. കാലിക്കറ്റ് സര്വകലാശാല ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ജവഹര്ലാല് നെഹ്റു സെന്റര് ഫോര് സ്റ്റഡീസ് ആന്ഡ് ഡെവലപ്മെന്റാണ് അവാര്ഡ് ഏര്പ്പെടുത്തിയത്. സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗങ്ങളിലെ ആറു പതിറ്റാണ്ടുകാലത്തെ സമാനതകളില്ലാത്ത സേവനങ്ങള് മുന്നിര്ത്തിയാണ് പുരസ്കാര നേട്ടം. ഇന്ദിരാജി രക്തസാക്ഷി ദിനമായ ഒക്ടോബര് 31-ന് പെരുവള്ളൂര് സൂപ്പര് ഹാജി ബസാറില് സംഘടിപ്പിക്കുന്ന ചടങ്ങില് മന്ത്രി എ.പി. അനില്കുമാര് അവാര്ഡ് ദാനം നിര്വഹിക്കും.
സൗദി പ്രവാസ ലോകത്തെ കാരുണ്യ സാന്നിധ്യം
1978-ല് സൗദി അറേബ്യയിലെത്തിയ ചെറിയാപ്പു ഹാജി, പ്രവാസി മലയാളികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി നടത്തിയ പ്രവര്ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കോണ്ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന് കള്ച്ചറല് കോണ്ഗ്രസ് (ഐ.സി.സി.) സൗദി അറേബ്യയില് കെട്ടിപ്പടുക്കുന്നതില് നിര്ണായക പങ്കുവഹിച്ച അദ്ദേഹം, പിന്നീട് സംഘടനയുടെ സൗദി പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. വിദേശത്ത് ജയില്ശിക്ഷ അനുഭവിച്ചിരുന്ന നിരപരാധികളായ പ്രവാസികളുടെ മോചനത്തിനായി നടത്തിയ ഇടപെടലുകള് നിരവധി കുടുംബങ്ങള്ക്കാണ് തണലായത്.
അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും സമൂഹത്തിന് മുന്നില് പരിചയപ്പെടുത്തേണ്ട ഒന്നാണെന്നും നെഹ്റു സെന്റര് ചെയര്മാന് എ.കെ. അബ്ദുറഹ്മാന്, ഭാരവാഹികളായ സത്യന് പൂളിക്കല്, പി.കെ. പ്രദീപ് മേനോന്, പി.പി.എ. ബാവ കുരിയാട്, മുസ്തഫ വാക്കത്തൊടി എന്നിവര് പറഞ്ഞു.
Related News