ഡെറാഡൂണ്: ഗാര്ഹിക പീഡനം ആരോപിച്ച് ഉത്തരാഖണ്ഡ് വനിതാശിശുക്ഷേമ മന്ത്രി രേഖ ആര്യ ഭര്ത്താവ് ഗിര്ധാരി ലാല് സാഹുവിനെതിരെ പൊലീസില് പരാതി നല്കി. ഭര്തൃപീഡനം, വധഭീഷണി, ജാതി അധിക്ഷേപം, കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ്് വനിതാശിശുക്ഷേമ മന്ത്രി ഭര്ത്താവിനെതിരെ ഉന്നയിക്കുന്നത്. ആരോപണങ്ങള്ക്ക് ആധാരമായി ഓഡിയോ റെക്കോര്ഡിങ്ങും മന്ത്രി നല്കിയിട്ടുണ്ട്. പ്രായപൂര്ത്തിയാകാത്ത മക്കളുടെ സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ടെന്ന് അവര് പരാതിയില് വ്യക്തമാക്കി.
ഡെറാഡൂണിലെ കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് രേഖ ആര്യ പരാതി നല്കിയത്. ഭര്ത്താവിനെതിരെ പ്രഥമവിവര റിപ്പോര്ട്ട് (എഫ്.ഐ.ആര്) രജിസ്റ്റര് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പപ്പു ഗിര്ധാരി എന്ന പേരിലും അറിയപ്പെടുന്ന സാഹു, മുന്വിവാഹം മറച്ചുവെച്ചെന്നും മറ്റു സ്ത്രീകളുമായി ബന്ധം പുലര്ത്തിയെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും മന്ത്രി ആരോപിച്ചു.
2004 ജൂലൈ ആറിന് ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്ന് പരാതിയില് പറയുന്നു. വിവാഹസമയത്ത് താന് അവിവാഹിതനാണെന്ന് സാഹു വിശ്വസിപ്പിച്ചെന്നും വര്ഷങ്ങള്ക്കുശേഷമാണ് അദ്ദേഹത്തിന് നേരത്തേ വിവാഹവും കുട്ടികളും ഉണ്ടായിരുന്ന കാര്യം അറിഞ്ഞതെന്നും രേഖ ആര്യ ആരോപിച്ചു. അപ്പോഴേക്കും തങ്ങള്ക്കും കുട്ടികളുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ഉപദേശവും കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം അന്ന് മൗനം പാലിച്ചെന്നും പരാതിയില് പറയുന്നു.
സമീപകാലത്ത് ഭര്ത്താവിന്റെ പെരുമാറ്റത്തില് മാറ്റം ശ്രദ്ധയില്പ്പെട്ടതായും മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതായും മന്ത്രി ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോള് ആദ്യം തെറ്റ് സമ്മതിച്ച് വാക്കാലും രേഖാമൂലവും ക്ഷമാപണം നടത്തിയെങ്കിലും ബന്ധങ്ങള് തുടര്ന്നുവെന്നാണ് പരാതിയിലെ ആരോപണം. ഇതിനെത്തുടര്ന്ന് ശാരീരികമായും വാക്കുകളിലൂടെയും പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും അവര് പറയുന്നു. സര്ക്കാര് വസതിയില് അതിക്രമിച്ചുകയറി ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയില് ആരോപണമുണ്ട്.
കമ്പനികളില് സമര്പ്പിച്ച ചില രേഖകളില് തന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ച് ഡയറക്ടര് സ്ഥാനത്തുനിന്ന് രാജിവെച്ചതായി കാണിച്ചെന്നും രേഖ ആര്യ ആരോപിച്ചു. ഒരു സ്ത്രീയുമായി ഭര്ത്താവ് സംസാരിക്കുന്നതും തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുന്നതും ഉള്പ്പെട്ട ഓഡിയോ റെക്കോര്ഡിങ് ലഭിച്ചതായും മന്ത്രി അവകാശപ്പെട്ടു. ഈ ശബ്ദരേഖ തന്നെ മാനസികമായി തകര്ത്തുവെന്നും മക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിനെ സമീപിച്ചതെന്നും അവര് വിഡിയോ സന്ദേശത്തില് പറഞ്ഞു.
ഞാന് വേദനയിലാണ്, പക്ഷേ എന്റെ കടമ മറന്നിട്ടില്ല. വ്യക്തിപരമായ പ്രതിസന്ധിക്കിടയിലും ഭരണഘടനയോടുള്ള ഉത്തരവാദിത്വം നിറവേറ്റും. സാമൂഹിക പദവി പരിഗണിക്കാതെ ഗാര്ഹിക പീഡനം സഹിക്കാതെ സ്ത്രീകള് ശബ്ദമുയര്ത്തണം --വീഡിയൊ സന്ദേശത്തില് മന്ത്രി പറഞ്ഞു.
Related News