ആലപ്പുഴ: വിദ്യാര്ത്ഥികള്ക്കും യുവജനങ്ങള്ക്കും മികച്ച വിദ്യാഭ്യാസ-തൊഴില് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുന്നതിനും അവരുടെ ഭാവിക്ക് പുതിയ പ്രതീക്ഷകള് പകരുന്നതിനുമായി സെന്റര് ഫോര് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ഇന്ത്യ (CIGI) ആലപ്പുഴ ചാപ്റ്റര് നിര്മ്മിക്കുന്ന പുതിയ ആസ്ഥാന മന്ദിരമായ 'സുഹൈല് സെന്ററി'ന്റെ നിര്മ്മാണ ഉദ്ഘാടനം ഇന്ന് (2026 ഒക്ടോബര് 17, ശനിയാഴ്ച) രാവിലെ 10.00-ന് നടക്കും. ആലപ്പുഴ ചുങ്കത്തുള്ള കയര് മെഷിനറി ഫാക്ടറി ഹാളിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തര - വിജിലന്സ് - കയര് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്വ്വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ജി. സുധാകരന്, കവിതാ ടീച്ചര്, എ.ഡി. തോമസ്, എ. എം. നസീര്, മോളി ജേക്കബ്, ഡോ. എ.ബി മൊയ്തീന്കുട്ടി, പി.പി. ചിത്തരഞ്ജന്, ഡോ. ഇസെഡ്.എ അഷ്റഫ് എന്നിവര് പങ്കെടുക്കും.
സിജിയുടെ പ്രവര്ത്തനങ്ങള് ആലപ്പുഴ ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രധാന നേതൃത്വം നല്കിയിരുന്നത് മര്ഹൂം സുഹൈല് വൈലിത്തറ ആയിരുന്നു. അദ്ദേഹത്തിന്റെ വേര്പാടിനു ശേഷവും ആലപ്പുഴയില് വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായി സിജി നിലകൊള്ളുന്നു. സാമ്പത്തിക പരാധീനതകള് മൂലം ഒരു വിദ്യാര്ത്ഥിയുടെയും പഠനം മുടങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെ പ്രവര്ത്തിക്കുന്ന സിജി ആലപ്പുഴ ചാപ്റ്റര്, 'ഇമാദ്', 'സിയാബ്' തുടങ്ങി ഒട്ടേറെ പ്രയോജനപ്രദമായ പദ്ധതികള് നടപ്പിലാക്കി വരുന്നു. ആലപ്പുഴയിലെ മുഴുവന് വിദ്യാര്ത്ഥികള്ക്കും ഒരുപോലെ തണലും ആശാകേന്ദ്രവുമാകുന്ന വലിയൊരു ലക്ഷ്യത്തിലേക്കാണ് 'സുഹൈല് സെന്റര്' എന്ന പുതിയ മന്ദിരത്തിലൂടെ സിജി ചുവടുവെക്കുന്നത്.
Related News