റിയാദ്- ചൈനയെക്കുറിച്ചും യമനിലെ സ്ഥിതിഗതികളെക്കുറിച്ചും തന്റേതെന്ന പേരില് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന പ്രസ്താവനകളുടെ സത്യാവസ്ഥ വ്യക്തമാക്കി കിംഗ് ഫൈസല് സെന്റര് ഫോര് റിസര്ച്ച് ആന്ഡ് ഇസ്ലാമിക് സ്റ്റഡീസ് ബോര്ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് തുര്ക്കി അല്-ഫൈസല് രാജകുമാരന് രംഗത്തെത്തി.
ഈ രണ്ട് വിഷയങ്ങളിലും പ്രചരിക്കുന്ന സന്ദേശങ്ങളില് താന് പറയാത്ത കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില് തന്റെ യഥാര്ത്ഥ നിലപാടുകളും പ്രസ്താവനകളും അറിയാന് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും സന്ദേശങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.
ചൈനയെക്കുറിച്ചുള്ള തന്റെ യഥാര്ത്ഥ പ്രസ്താവനകള് അടങ്ങിയ ലിങ്കും, അറബ് ന്യൂസ് എഡിറ്റര് ഇന് ചീഫ് ഫൈസല് അബ്ബാസുമായി നടത്തിയ അഭിമുഖത്തിന്റെ ലിങ്കും പ്രസ്താവനയോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന പ്രചാരണങ്ങള്ക്ക് പകരം ഔദ്യോഗിക വിവരങ്ങള് മാത്രം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ മാസം ബെയ്ജിംഗ് സിയാങ്ഷാന് ഫോറത്തില് നടത്തിയ പ്രസംഗത്തില്, മേഖലയെക്കുറിച്ചുള്ള റിയാദിന്റെയും ബെയ്ജിംഗിന്റെയും കാഴ്ചപ്പാടുകള് തമ്മില് വലിയ സാമ്യമുണ്ടെന്ന് തുര്ക്കി അല്-ഫൈസല് രാജകുമാരന് വ്യക്തമാക്കിയിരുന്നു. ഇറാന്റെയും ഇസ്രായേലിന്റെയും ആക്രമണാത്മക ശേഷികള് തടയുന്നതിനും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാന് അവരെ നിര്ബന്ധിതരാക്കുന്നതിനും ബെയ്ജിംഗ് കരാര് ഉള്പ്പെടെയുള്ള സംവിധാനങ്ങള് ഉപയോഗിച്ച് സൗദിയും ചൈനയും ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
Related News