ന്യൂദല്ഹി - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ന്യൂഡല്ഹിയില് വീണ്ടും പ്രതിഷേധ റാലി നയിക്കാന് ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലായ 'കോക്രോച്ച്' പാര്ട്ടി നേതാവ് അഭിജിത് ദീപ്കെയെ കോടതി ജാമ്യത്തില് വിട്ടയച്ചു.
ചില നിബന്ധനകള് അംഗീകരിച്ചതിനെ തുടര്ന്നാണ് ദീപ്കെയ്ക്ക് ജാമ്യം അനുവദിച്ചതെന്ന് കോക്രോച്ച് ജനതാ പാര്ട്ടി ലീഗല് അഫയേഴ്സ് മേധാവി രത്ന സിംഗ് സ്ഥിരീകരിച്ചു. ജയില് മോചിതനായ ശേഷം ബോളിവുഡ് ചിത്രം 'വീര്-സാറ'യിലെ ഷാരൂഖ് ഖാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തമാശരൂപേണയാണ് ദീപ്കെ തന്റെ പ്രതികരണം അറിയിച്ചത്. വെള്ളിയാഴ്ച ദീപ്കെയോടൊപ്പം കസ്റ്റഡിയിലായ പ്രമുഖ വിദ്യാര്ത്ഥി പ്രക്ഷോഭക നേഹാ ബോറയെ രാവിലെ വിട്ടയച്ചിരുന്നു.
വോട്ടര് പട്ടിക പരിഷ്കരണത്തില് നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി ക്രമക്കേട് നടന്നു എന്ന് ആരോപിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളും പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. പുതിയ പരിഷ്കരണത്തില് 13 കോടിയിലധികം വോട്ടര്മാര് പട്ടികയില് നിന്ന് പുറത്തായെന്നാണ് ആരോപണം. എന്നാല് ആരോപണങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയും പൂര്ണ്ണമായും തള്ളി.
ഈ വര്ഷം ആദ്യം നടന്ന പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജിക്കും പ്രക്ഷോഭകര് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവില് ഉയര്ന്നുവന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളികളിലൊന്നായി ഈ യുവജന മുന്നേറ്റം മാറിയിരിക്കുകയാണ്.
Related News