ജിദ്ദ: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില് വെച്ച് പോലീസ് പിടിയിലായ മലയാളി നഴ്സ് ഫിലോമിനയെ (32) വിട്ടയച്ചു. രാജ്യത്ത് നിയന്ത്രണമുള്ള വസ്തു ഇവരില് നിന്നും കണ്ടെത്തിയതിനെത്തുടര്ന്നായിരുന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിനു കൈമാറുകയും ചെയ്തത്. അന്വേഷണത്തില് നിരപരാധിയെന്ന് തെളിഞ്ഞതോടെയാണ് വിട്ടയച്ചത്. ഫിലോമിനയെ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഫിലോമിനയെക്കുറിച്ച് അന്വേഷിച്ചതും പോലീസ് കസ്റ്റഡിയിലാണെന്ന് വിവരം ലഭിച്ചതും.
വയനാട് സുല്ത്താന് ബത്തേരിക്കടുത്ത് അയ്യന്കൊല്ലി ആനന്ദ് നിവാസ് രവി-ശെല്വി ദമ്പതികളുടെ മകളായ ഫിലോമിന, റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലെ നഴ്സാണ്. വാര്ഷികാവധി കഴിഞ്ഞ് ഈ മാസം 10-നാണ് ബംഗളൂരു വഴി ഇവര് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്.
ജിദ്ദയില് വിമാനമിറങ്ങിയ ഉടന് രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭര്ത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തില് ഉദ്യോഗസ്ഥര് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു സന്ദേശം. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെങ്കിലും തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര് പോലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്. തുടര്ന്ന് ഇന്ത്യയന് നയതന്ത്രാലയവും സാമൂഹിക പ്രവര്ത്തകരും പ്രശ്നത്തില് ഇടപെടുകയും ഫിലോമിനയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയുമായിരുന്നു.
ഇന്ത്യയില് സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളും സൗദിയില് കര്ശനമായി നിരോധിക്കപ്പെട്ടവയാണ്. ഇത് അറിയാതെ യാത്രക്കാര് ഇവ കൈവശം വെച്ച് എത്താറുള്ളത് ഇത്തരം നടപടികള്ക്ക് കാരണമാകാറുണ്ട്.
Related News