കയ്റോ- തന്റെ നിലവിലെ ഭരണകാലാവധി 2030-ല് അവസാനിക്കുമെന്നും ഭരണം ഒഴിയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില് വ്യക്തതയുണ്ടെന്നും ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുല് ഫത്താഹ് അല്-സീസി അറിയിച്ചു. രാജ്യത്തിന്റെ ഭരണഘടന ഇനി തിരുത്തുകയോ ഭേദഗതി വരുത്തുകയോ ചെയ്യില്ലെന്ന് അദ്ദേഹം ആവര്ത്തിച്ചു വ്യക്തമാക്കി.
'ഈജിപ്ഷ്യന് ഭരണഘടന തൊടില്ലെന്ന് ഞാന് മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊരു തീര്പ്പുകല്പ്പിച്ച വിഷയമാണ്, ഇനി ഇതില് യാതൊരു ചര്ച്ചയ്ക്കുമില്ല,' ഭരണകാലാവധി പൂര്ത്തിയാക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യന് മിലിട്ടറി അക്കാദമിയുടെ ബിരുദദാന ചടങ്ങില് പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
71 വയസ്സുള്ള അല്-സീസി, 2023 ഡിസംബറില് നടന്ന തിരഞ്ഞെടുപ്പില് വിജയിച്ചാണ് ആറു വര്ഷത്തെ കാലാവധിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2019-ല് നടന്ന ഹിതപരിശോധനയിലൂടെ ഭരണഘടനയില് വരുത്തിയ ഭേദഗതികള് പ്രസിഡന്റിന്റെ കാലാവധി നാല് വര്ഷത്തില് നിന്ന് ആറ് വര്ഷമായി ഉയര്ത്തുകയും സീസിക്ക് മൂന്നാമതൊരു തവണ കൂടി മത്സരിക്കാന് വഴിതുറക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരമാണ് 2030 വരെ അദ്ദേഹത്തിന് ഭരണത്തില് തുടരാന് സാധിക്കുന്നത്.
മുന് സൈനിക തലവനായ സീസി ൗജിപ്തിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് മുര്സിയെ പുറത്താക്കിക്കൊണ്ടാണ് 2013-ല് അധികാരത്തിലെത്തിയത്.
Related News