ബ്രസല്സ്: യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര് സെലന്സ്കിയുടെ വാര്ത്താസമ്മേളനത്തിനായി കാത്തിരുന്ന മാധ്യമപ്രവര്ത്തകര് തുടര്ച്ചയായ രണ്ടു ദിവസം അനുഭവിച്ചത് വിവരണാതീതമായ നാറ്റം. അജ്ഞാത വ്യക്തി പുറത്തുവിട്ട കീഴ് വായുവും അതിനെത്തുടര്ന്നുണ്ടായ രൂക്ഷമായ ദുര്ഗന്ധവും അവരെ വലച്ചു. ബെല്ജിയം തലസ്ഥാനമായ ബ്രസല്സിലെ യൂറോപ്യന് കൗണ്സില് മാധ്യമകേന്ദ്രത്തിലായിരുന്നു സംഭവം.
യൂറോപ്യന് യൂണിയന് ഉച്ചകോടിക്കിടെ സെലന്സ്കിയുടെ പ്രസ് മീറ്റിനായി കാത്തിരിക്കുകയായിരുന്നു വിവിധ രാജ്യങ്ങളില് നിന്നുള്ള ലേഖകര്. ഇതിനിടെ മുറിയില് ആവര്ത്തിച്ചുണ്ടായ അസഹ്യമായ ഗന്ധം പലരെയും പുറത്തേക്ക് പോകാന് നിര്ബന്ധിതരാക്കി. തലേദിവസം മറ്റൊരു നയതന്ത്ര വാര്ത്താസമ്മേളനത്തിനിടെയും സമാനമായ അനുഭവമുണ്ടായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
സംഭവം സമൂഹമാധ്യമങ്ങളില് വലിയ ചര്ച്ചയായി. പൊളിറ്റിക്കോ യൂറോപ്പ് ഉയര്ത്തിയ ചോദ്യം ഇതായിരുന്നു: വാര്ത്താസമ്മേളന മുറിയില് ആവര്ത്തിച്ച് കീഴ് വായു വിടുന്നത് ആരാണ്?
രാഷ്ട്രീയ സാമ്പത്തിക വിശകലന വിദഗ്ധനും ലേഖകനുമായ ശങ്കര് അയ്യരും തനിക്കുണ്ടായ അനുഭവം എക്സില് പങ്കുവെച്ചു. 'രസകരം! ആരാണ് ഈ അജ്ഞാതനായ കീഴ് വായു വിടുന്നയാള്?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മാധ്യമപ്രവര്ത്തകര് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തില് ഇത്തരം അനുഭവം കൂടുതല് അസ്വസ്ഥതയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാപ്പിയും വാര്ത്ത നഷ്ടപ്പെടുമോ എന്ന ആശങ്കയും മാത്രമാണ് മാധ്യമപ്രവര്ത്തകരെ മുന്നോട്ടുനയിക്കുന്നതെന്നായിരുന്നു അയ്യരുടെ മറ്റൊരു പരിഹാസം. ദുര്ഗന്ധത്തിന്റെ ഉറവിടമായ വ്യക്തിയോട് മുറിക്കു പുറത്തുപോയി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില് ഇതോടെ പരിഹാസങ്ങളുടെ പെരുമഴയായി.
റഷ്യയുടെ പിന്തുണയോടെയുള്ള ദുര്ഗന്ധ പ്രചാരണത്തിനെതിരെ നാറ്റോ പ്രതികരിക്കണമെന്ന് നാറ്റോയെക്കുറിച്ച് റിപ്പോര്ട്ട് ചെയ്യുന്ന റോബി ഗ്രേമര് പരിഹസിച്ചു.
ഉച്ചകോടിയിലെ ഗൗരവമേറിയ രാഷ്ട്രീയ ചര്ച്ചകള്ക്കിടയില് മാധ്യമപ്രവര്ത്തകര്ക്ക് ലഭിച്ച ഈ അപ്രതീക്ഷിത അനുഭവം ഒടുവില് പൊളിറ്റിക്കോ യൂറോപ്പിന്റെ വാക്കുകളിലും പ്രതിഫലിച്ചു: ഉച്ചകോടി ശരിക്കും 'വെറും വായുവിന്റെ കളി'യായി മാറിയെന്നായിരുന്നു പരിഹാസം. ദുര്ഗന്ധത്തിന് പിന്നില് ആരാണെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്ട്ട്.
Related News