ജിദ്ദ: പ്രവാസി കുടുംബങ്ങള്ക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജിദ്ദ കെഎംസിസി 'കാരുണ്യഹസ്തം' കുടുംബസുരക്ഷാ പദ്ധതി 2027-ന്റെ പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. പദ്ധതിയുടെ അംഗത്വ ക്യാമ്പയിന് ഒക്ടോബര് 15 മുതല് ഡിസംബര് 15 വരെയാണ്.
2027 വര്ഷം മുതല് നിബന്ധനകള്ക്ക് വിധേയമായി പിന്നാക്ക SC/ST വിഭാഗങ്ങളില്പ്പെട്ട, പ്രൊഫഷണല് കോഴ്സുകള് പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഡോ. ബി.ആര്. അംബേദ്കറുടെ നാമധേയത്തിലുള്ള സ്കോളര്ഷിപ്പും, അതോടൊപ്പം പദ്ധതി അംഗങ്ങളുടെ മക്കളില് പിഎച്ച്.ഡി, എം.ബി.ബി.എസ്, ബി.ടെക്, സി.എ എന്നീ കോഴ്സുകളില് പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഒറ്റത്തവണ വിദ്യാഭ്യാസ സ്കോളര്ഷിപ്പും അനുവദിക്കും.
കഴിഞ്ഞ 17 വര്ഷമായി കുടുംബനാഥന് നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്ക്ക് അത്താണിയായും, പ്രവാസലോകത്ത് വിവിധ രോഗങ്ങളാല് പ്രയാസപ്പെടുന്നവര്ക്ക് താങ്ങും തണലുമായും മാറിയ ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതിയില്, ജാതി-മത ഭേദമന്യ ജിദ്ദയിലെ ഏതൊരു മലയാളിക്കും അംഗമാകാന് സാധിക്കും.
ആക്ടിങ് പ്രസിഡന്റ് സി.കെ.എ. റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയില് ചേര്ന്ന ജിദ്ദയിലെ വിവിധ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കെഎംസിസി കോര്ഡിനേറ്റര്മാരുടെയും ഭാരവാഹികളുടെയും യോഗം ഒ.കെ.എം. മൗലവി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ കുടുംബങ്ങള്ക്ക് താങ്ങും തണലുമായി മാറുന്ന ഇത്തരം കാരുണ്യ പദ്ധതികള് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, പ്രവാസലോകത്ത് വിവിധ പ്രതിസന്ധികള് നേരിടുന്ന കുടുംബങ്ങള്ക്ക് ആശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില് കെഎംസിസി നടത്തുന്ന പ്രവര്ത്തനങ്ങള് ഏറെ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോര്ഡിനേറ്റര്മാര്ക്ക് പുതിയ ആപ്പും വെബ്സൈറ്റും പരിചയപ്പെടുത്തി. ആദ്യ അംഗത്വ അപേക്ഷാ ഫോം അല് നഈം ഏരിയ കെഎംസിസി പ്രസിഡന്റ് സൈദലവി ഹാജിക്ക് നല്കിക്കൊണ്ട് 2027 വര്ഷത്തെ അംഗത്വ ക്യാമ്പയിന് സി.കെ. റസാക്ക് മാസ്റ്റര് തുടക്കം കുറിച്ചു.
പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ എല്ലാ പ്രവാസികളിലേക്കും എത്തിക്കുന്നതിനും, പരമാവധി പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി വിപുലമായ ക്യാമ്പയിന് പ്രവര്ത്തനങ്ങള് സംഘടിപ്പിക്കാനും, ജിദ്ദ കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെയും പ്രവര്ത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പദ്ധതി വിജയകരമാക്കാനുമുള്ള പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കാനും യോഗത്തില് നേതാക്കള് ആഹ്വാനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കുടുംബങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ട് ജിദ്ദ കെഎംസിസി നടത്തുന്ന ഈ സംരംഭം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറുകയാണ്.
യോഗത്തില് സൗദി നാഷണല് കമ്മിറ്റി ഉപാധ്യക്ഷന് നിസാം മമ്പാട്, നസീര് വാവകുഞ്ഞ്, വി.പി. അബ്ദുറഹ്മാന്, എ.കെ. ബാവ, ഇസഹാക്ക് പൂണ്ടോളി, നാസര് മച്ചിങ്ങല്, ലത്തീഫ് കളരാന്തിരി, സെന്ട്രല് കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് മുംതാസ് ടീച്ചര്, ജനറല് സെക്രട്ടറി ഷമീല മൂസ എന്നിവര് പ്രസംഗിച്ചു. ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സന് ബത്തേരി, ജലാല് തേഞ്ഞിപ്പലം, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, സുബൈര് വട്ടോളി, ഷക്കീര് നാലകത്ത് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി. വി.പി. മുസ്തഫ സ്വാഗതവും സാബില് മമ്പാട് നന്ദിയും പറഞ്ഞു. ജംഷീര് വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി.
Related News