ന്യൂഡല്ഹി: വോട്ടര്പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആര്) കോണ്ഗ്രസ് പ്രഖ്യാപിച്ച മഹാറാലിക്ക് ഡല്ഹി പൊലീസ് അനുമതി നല്കി. നവംബര് ഒന്നിന് ഡല്ഹിയിലെ രാംലീല മൈതാനിയില് റാലി നടത്താനാണ് അനുവദിച്ചത്.
റാലിക്കായി കോണ്ഗ്രസ് പൊലീസിനെ സമീപിച്ചിരുന്നുവെന്നും നിശ്ചിത പ്രതിഷേധവേദിയില് ഒക്ടോബര് 25 മുതല് നവംബര് മൂന്ന് വരെയുള്ള കാലയളവില് പരിപാടി നടത്താന് അനുമതി നല്കിയിട്ടുണ്ടെന്നും സെന്ട്രല് ഡല്ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര് രോഹിത് രാജ്ബീര് സിങ് വ്യക്തമാക്കി. സുരക്ഷ, ഗതാഗത നിയന്ത്രണം തുടങ്ങിയ ക്രമീകരണങ്ങള്ക്കായി സംഘാടകരുമായും ട്രാഫിക് പൊലീസുമായും മറ്റ് ഏജന്സികളുമായും ഏകോപനം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
സെപ്റ്റംബര് 30ന് ചേര്ന്ന ഇന്ഡ്യാ സഖ്യത്തിന്റെ യോഗത്തിലാണ് എസ്.ഐ.ആര് വിഷയത്തില് സംയുക്ത പ്രക്ഷോഭ പരിപാടികള്ക്ക് രൂപം നല്കിയത്. റാലികളും 'ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യത്തില് മാര്ച്ചുകളും ഉള്പ്പെടുന്നതാണ് പ്രവര്ത്തനപദ്ധതി. ഇതിന്റെ ഭാഗമായാണ് നവംബര് ഒന്നിന് ഡല്ഹിയില് മഹാറാലി നടത്തുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പ്രഖ്യാപിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്ക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പര് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇന്ഡ്യാ സഖ്യത്തിലെ കക്ഷികള് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്പട്ടികയില്നിന്ന് അര്ഹരായവരെ ഒഴിവാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. 'വോട്ട് ചോരി' എന്ന പേരില് കോണ്ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് റാലി
പ്രതിഷേധത്തിനുള്ള അനുമതി ലഭിച്ചതോടെ റാലിയുടെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് കോണ്ഗ്രസ്.
Related News