കൊച്ചി: സൂപ്പര് ലീഗ് കേരളയില് തിരുവനന്തപുരത്തിന്റെ കൊമ്പന്സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്ത്ത് ഫോഴ്സ കൊച്ചി. വെള്ളിയാഴ്ച രാത്രി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് തുടക്കംമുതല് ആധിപത്യം പുലര്ത്തിയ കൊച്ചി, എതിരാളികള്ക്ക് തിരിച്ചുവരവിന് അവസരം നല്കാതെയാണ് വിജയം സ്വന്തമാക്കിയത്.
മലപ്പുറം എഫ്.സിക്കെതിരെ സ്വന്തം തട്ടകത്തില് നാടകീയ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ കൊമ്പന്സിന് അതേ മികവ് ആവര്ത്തിക്കാനായില്ല. മത്സരത്തിന്റെ ആറാം മിനിറ്റില് തന്നെ രാഘവ് ഗുപ്ത കൊച്ചിക്കായി ആദ്യ ഗോള് നേടി. ഡിയേഗോ ഹെര്ണാണ്ടസ് നല്കിയ മനോഹരമായ ക്രോസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു രാഘവ്.
ഗോള് നേടിയ ശേഷവും ആക്രമണം തുടര്ന്ന കൊച്ചി കൂടുതല് അവസരങ്ങള് സൃഷ്ടിച്ചു. അരമണിക്കൂര് പിന്നിടുമ്പോഴേക്കും ലക്ഷ്യത്തിലേക്കുള്ള രണ്ട് മികച്ച ഷോട്ടുകള് പോസ്റ്റിലും ക്രോസ്ബാറിലും തട്ടിത്തെറിച്ചു. എന്നാല്, കൊമ്പന്സിന്റെ ആശ്വാസം അധികനേരം നീണ്ടില്ല. മുന്നേറ്റനിരയില് മികവ് കാട്ടിയ രാഹുല് രാജു അടുത്ത ഗോള് നേടി. ബോക്സിനുള്ളില് അതിവേഗം കുതിച്ചെത്തിയ താരം തൊടുത്ത ഷോട്ട് വലയിലെത്തിയതോടെ കൊച്ചി 2-0ന് മുന്നിലെത്തി.
രണ്ട് ഗോളിന്റെ ലീഡുമായാണ് കൊച്ചി ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയിലും കൊമ്പന്സിന് കളിയിലേക്ക് തിരിച്ചുവരാനായില്ല. കൊച്ചി തുടര്ച്ചയായി ആക്രമണം അഴിച്ചുവിടുന്നതിനിടെ മൂന്നാം ഗോളും പിറന്നു. കൊച്ചിയുടെ പ്രതിരോധത്തെ മറികടന്ന് ബോക്സിന് പുറത്തുനിന്ന് ഹര്ഷല് റഹ്മാന് തൊടുത്ത മനോഹരമായ ഷോട്ട് വലയിലെത്തിയതോടെ വിജയം ഉറപ്പായി.
ഈ ജയത്തോടെ കൊച്ചിയുടെ പോയിന്റ് നേട്ടം എട്ടായി. ഒരു മത്സരം കുറച്ചു കളിച്ച കാലിക്കറ്റ് എഫ്.സിക്കും എട്ട് പോയിന്റുണ്ട്. നാല് പോയിന്റ് മാത്രമുള്ള തിരുവനന്തപുരം കൊമ്പന്സ് പോയിന്റ് പട്ടികയുടെ താഴത്തെ പകുതിയിലാണ്.
Related News